‘100 ശതമാനം തെറ്റും എന്റെ ഭാഗത്താണ്. ഇത് എന്റെയോ മസ്താനിയുടേയോ ഗെയിം പ്ലാനോ ഒന്നുമല്ലെ’ന്ന് ലക്ഷ്മി ഇന്നലെ പറഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7 ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികളെല്ലാവരും തന്നെ തങ്ങളുടെ ഗെയിമുകളും സ്ട്രാറ്റജികളും പുറത്തെടുത്തു കഴിഞ്ഞു. അഞ്ച് വൈൽഡ് കാർഡുകാരും ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. ഇവരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളാണ് ഓരോ ദിവസവും ഷോയിൽ മുന്നേറുന്നത്. അക്കൂട്ടത്തിലൊരാളാണ് മസ്താനി. അവതാരക എന്ന നിലയിൽ ഷോയിൽ എത്തിയ മസ്താനിയെ ശകാരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. പുതിയ പ്രമോ വീഡിയോയാണിത്.
മസ്താനിയെ കൊണ്ട് ആര്യൻ, അനുമോളെ തള്ളിച്ചതിനെ കുറിച്ചാണ് മോഹൻലാൽ ഷോയിൽ ചോദിക്കുന്നത്. 'ആര്യൻ പറഞ്ഞു തമാശയ്ക്ക് തള്ളാൻ. അപ്പോൾ ഞാൻ തള്ളി', എന്നാണ് മസ്താനി പറഞ്ഞത്. 'മസ്താനിയുടെ ദേഹത്ത് തൊട്ടാൽ ഭയങ്കര പ്രശ്നം. മസ്താനിക് ഒരാളെ തള്ളാൻ പറഞ്ഞാൽ തള്ളാം. എന്ത് തള്ളാണ് മസ്താനീ.. എന്ത് തള്ളാണ്', എന്ന് പരിഹാസത്തോടെ ചോദിക്കുന്ന മോഹൻലാലിനെയും പ്രമോ വീഡിയോയിൽ കാണാനാകും.
അതേസമയം, ഒനിയലിന് എതിരെ മസ്താനി നടത്തിയ ആരോപണവും ഇന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ സംഭവം നടന്നത്. ടാസ്കിനിടെ അറിയാതെ ഒനിയൽ, മസ്താനിയുടെ ദേഹത്ത് സ്പർശിച്ചു. ഇത് ബാഡ് ടച്ച് ആണെന്നായിരുന്നു മസ്താനിയുടെ വാദം. ഇക്കാര്യം മസ്താനി നേരെ ലക്ഷ്മിയോട് പറയുകയും വലിയ പ്രശ്നങ്ങ്ങൾ ഉണ്ടാക്കുകയുമായിരുന്നു. താൻ മോശമായ രീതിയിൽ തൊട്ടിട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും ഒനിയലിനെ കേൾക്കാൻ മസ്താനിയോ ലക്ഷ്മിയോ തയ്യാറായിരുന്നില്ല.
ഇക്കാര്യത്തെ പറ്റി കഴിഞ്ഞ ദിവസം അക്ബറിനോട് ലക്ഷ്മി പറഞ്ഞതിങ്ങനെ, “എന്റെ ഭാഗത്താണ് തെറ്റെന്ന് ഞാൻ മനസിലാക്കുന്നു. എത്ര പറഞ്ഞാലും മാറ്റാൻ പറ്റാത്ത തെറ്റായിരിക്കാം ഞാൻ ചെയ്തത്. നേരിട്ട് കാണാത്ത കാര്യമാണ് ഞാൻ പറഞ്ഞത്. 100 ശതമാനം തെറ്റും എന്റെ ഭാഗത്താണ്. ഇത് എന്റെയോ മസ്താനിയുടേയോ ഗെയിം പ്ലാനോ ഒന്നുമല്ല. എനിക്ക് ഇമോഷണലി കൺട്രോളില്ലാതെ സംഭവിച്ച് പോയ തെറ്റാണ്”.



