ബിഗ് ബോസ് മലയാളം സീസൺ 7-ൽ, ഷിയാസ് എറിഞ്ഞുകളഞ്ഞ അനുമോളുടെ 'പ്ലാച്ചി' എന്ന പാവയെ തിരികെ നൽകി മോഹൻലാൽ. ഈ ആഴ്ചയിലെ എവിക്ഷനിൽ ഇനി ആറ് പേരാണ് ബാക്കിയുള്ളത്.
ബിഗ് ബോസ് മലയാളം സീസൺ 7 ഏഴാം ആഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ആഴ്ച ബിഗ് ബോസിന്റെ ക്ലാസിക് ടാസ്ക്കായ ബിബി ഹോട്ടൽ അരങ്ങേറിയിരുന്നു. ഷിയാസ്, ശോഭ വിശ്വനാഥ്, റിയാസ് സലീം എന്നിവരായിരുന്നു ചലഞ്ചേഴ്സായി ബിഗ് ബോസ് വീടിനുള്ളിലെത്തിയത്. ഇതിൽ ഷിയാസ് കരീം, അനുമോളുടെ പ്ലാച്ചി എന്ന പാവ എടുത്തെറിഞ്ഞത് ബിഗ് ബോസ് ഹൗസിനുള്ളിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായിരുന്നു. ഇന്നിതാ പ്ലാച്ചിയെ തിരികെ നൽകിയിരിക്കുകയാണ് മോഹൻലാൽ.
ഒരു അതിഥി നിങ്ങളെ കാണാൻ വരുന്നുവെന്നായിരുന്നു മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞത്. പിന്നാലെ എല്ലാവരും അതിഥിയെ സ്വീകരിക്കാനായി പുറത്തേക്ക് പോയി, പാട്ടെല്ലാം അസ്വദിച്ച് നിൽക്കുന്നതിനിടെ പ്ലാച്ചി മുകളിൽ നിന്നും ഹൗസിനുള്ളിലേക്ക് വീഴുകയായിരുന്നു. ഏറെ ഞെട്ടലും അമ്പരപ്പുമായിരുന്നു ഈ വേളയിൽ അനുമോളുടെ മുഖത്ത് മിന്നി മറഞ്ഞത്. പിന്നാലെ മോഹൻലാലിനോട് അനു നന്ദി പറയുകയും ചെയ്തു. ‘എന്നോടും അതിനോടും പഴയൊരു സ്നേഹം ഇല്ലേ’, എന്നായിരുന്നു അനുവിനോട് ചോദിച്ചത്. എല്ലാവരോടും സ്നേഹം എന്നായിരുന്നു അനുവിന്റെ മറുപടി.
അതേസമയം, ഈ ആഴ്ചയിലെ എവിക്ഷനിൽ മൂന്ന് പേർ സേഫ് ആയിട്ടുണ്ട്. നൂറ, ആദില, നെവിൻ, സാബുമാൻ, ബിന്നി, ഷാനവാസ്, ലക്ഷ്മി, ആര്യൻ, റെന എന്നിവരായിരുന്നു എവിഷനിൽ ഉണ്ടായിരുന്നത്. ഇതിൽ ആദ്യം സേഫ് ആയത് ബിന്നിയും പിന്നാലെ നെവിലും നൂറയും സേഫായി. ഇനി ഉള്ള ആറ് പേരിൽ ആരാകും പുറത്തേക്ക് പോകുക എന്നറിയാൻ നാളത്തെ എപ്പിസോഡ് വരെ കാത്തിരിക്കണം.
ബിഗ് ബോസ് സീസൺ 7 തുടങ്ങിയത് മുതൽ ഏറെ ശ്രദ്ധേയമായിരുന്നു അനുവിന്റെ ഈ പാവ. പലപ്പോഴും പലരും ഈ പാവയെ ഒളിപ്പിച്ച് വയ്ക്കുകയും വലിച്ചെറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. അനുമോളുടെ സ്ട്രാറ്റജിയാണ് ഇതെന്ന് പറയുന്ന പ്രേക്ഷകരും ധാരാളമാണ്.



