ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയോട് അടുക്കവേ, പത്താം ആഴ്ചയിലെ നോമിനേഷനിൽ നെവിൻ, സാബുമോൻ, ലക്ഷ്മി, അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, ബിന്നി എന്നിവരാണ് ഉള്ളത്. ഇതിനിടെ ടാസ്കുകളിൽ ചെയ്യാതെ അനുമോൾ തരംതാണ ഗെയിം കളിക്കുകയാണെന്ന് നെവിൻ ആരോപിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഇനി പത്ത് മത്സരാർത്ഥികൾ മാത്രമാണ് അവശേഷിക്കുന്നത്. ഫിനാലേക്ക് നാല് ആഴ്ചയുടെ ദൂരം മാത്രം. മുന്നോട്ടുള്ള യാത്രയിൽ ശ്രമകരവും ബുദ്ധിമുട്ടേറിയതുമായ ടിക്കറ്റ് ടു ഫിനാലെ അടക്കമുള്ള കാര്യങ്ങൾ വരാനിരിക്കുന്നുണ്ട്. മണി ബോക്സും വരും. ആരാകും മണി ബോക്സുമായി ഷോയിൽ നിന്നും പോകുകയെന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. പത്താം ആഴ്ചയിലേക്ക് കടന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം നോമിനേഷൻ വോട്ടും നടന്നിരുന്നു. നെവിൻ, സാബുമോൻ, ലക്ഷ്മി, അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, ബിന്നി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നത്.
നോമിനേഷനിടെ അനുമോൾക്കെതിരെ രംഗത്ത് എത്തിയിരിക്കുയാണ് നെവിൻ. നോമിനേഷന് അനുവിന് വോട്ട് ചെയ്ത നെവിൻ "ഞാനെത്ര ടാസ്കുകൾ വിജയിച്ചിട്ടുണ്ട്. അനുമോൾ ഇവിടെ എന്ത് ടാസ്ക് ആണ് ചെയ്തിട്ടുള്ളത്. അനുമോളുടേത് പക്കാ ചീപ്പ് ഗെയിം ആണ്. ഒരു ടാസ്കും ചെയ്യാതെ ഇത്രയും ദിവസം എങ്ങനെ ഇവിടെ കടിച്ചു തൂങ്ങി കിടന്നു. അതിന് വേണം ഒരു തൊലിക്കട്ടി", എന്നാണ് നെവിൻ പറയുന്നത്.
"ആയിക്കോട്ടെ എനിക്ക് അത്യാവശ്യം നല്ല തൊലിക്കട്ടി ഉണ്ട്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് കേട്ടിട്ടില്ലേ. അതുപോലെ തന്നെയാണ്. ഞാൻ തീയിൽ കുരുത്തത് തന്നെയാ അതുകൊണ്ട് വെയിലത്ത് വാടില്ല", എന്ന് അനുമോളും മറുപടി നൽകുന്നുണ്ട്.
"വാടാനായിട്ട് വെയിലത്തോട്ട് ഇറങ്ങിയിട്ട് വേണ്ടേ എന്നായി നെവിൻ. സേഫ് ഗെയിം കളിക്കുകയാണെങ്കിൽ സേഫ് ഗെയിമർ എന്നെങ്കിലും വിളിക്കാം. ഇത് അതുമല്ല. ചില സമയത്ത് മത്സരാർത്ഥിയാണെന്നും തോന്നുന്നില്ല. നീ വെറും കളിപ്പാവയാണ്", എന്നായി നെവിൻ. അപ്പോഴേക്കും ലക്ഷ്മി ഇതിൽ ഇടപ്പെട്ടു. വെറും കളപ്പാവയല്ല. ഷാനവാസിന്റെ കളിപ്പാവയാണെന്ന് പറയണമെന്നാണ ലക്ഷ്മി പറഞ്ഞത്. ഇതെല്ലാം കേട്ടുനിന്ന അനുമോൾ, "എനിക്ക് പിആർ ഉണ്ടല്ലോ. 50 ലക്ഷം രൂപ കൊടുത്തത്. അലമാര നിറച്ചും കാശാണ് എനിക്ക്. അതുകൊണ്ട് എനിക്ക് എങ്ങനെ വേണമെങ്കിലും നിൽക്കാം", എന്ന് പറഞ്ഞ് നടന്നു നീങ്ങിയതും പ്രേക്ഷകർ ഇന്നലെ കണ്ടു. കഴിഞ്ഞ ദിവസം മോണിംഗ് ടാസ്കിൽ ബിന്നിയാണ് അനുമോൾ 16 ലക്ഷം രൂപ കൊടുത്താണ് പിആർ പ്രവർത്തിപ്പിക്കുന്നതെന്ന ആരോപണം ഉന്നയിച്ചത്.



