ജിസേലിനെ കൂട്ടുപിടിച്ചായിരുന്നു അനുവിനെതിരെ നെവിൻ എത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് അനുമോൾ, അനീഷ്, നെവിൻ എന്നിവർ. വ്യത്യസ്ത ഗെയിമുകളുമായി മുന്നോട്ട് പോകുന്ന മൂവരും മറ്റ് മത്സരാർത്ഥികളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. അത് ബിഗ് ബോസ് പ്രേക്ഷകർ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇന്നിതാ അനുമോൾക്കും അനീഷിനുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നെവിൻ. വീക്കിലി ടാസ്കിൽ അനുവിന് കോയിൻ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ഷോയിൽ നടന്നിരുന്നു. അനുവിനെ കളിയാക്കി കൊണ്ടുള്ളതായിരുന്നു എല്ലാം. ഇതുമായി ബന്ധപ്പെട്ടായിരുന്നു നെവിന്റെ പരിഹാസം. അനുവിന് ഇത് വേണമെന്നാണ് നെവിൻ പറയുന്നത്.
ജിസേലിനെ കൂട്ടുപിടിച്ചായിരുന്നു അനുവിനെതിരെ നെവിൻ എത്തിയത്. 'സ്വന്തം ബോഡി നന്നായി നോക്കുന്ന ആൾ ജിസേൽ ആണ്. ഭക്ഷണമടക്കം എല്ലാം മനസറിഞ്ഞ് മനുഷ്യർക്ക് കൊടുക്കുന്നത് അവൾ മാത്രമാണ്. കെപി നമ്പൂതിരീസ് അവാർഡ് കൊടുക്കുന്നത് മനസിന് കൂടി നന്മയുള്ളവർക്കാണ്. അന്ന് മുതൽ അനുവിന് പ്രശ്നമാണ്. അല്ലാതെ നിന്നെ പോലുള്ളവർക്കല്ല സമ്മാനം കൊടുക്കുക. ഇവളെ ഞാൻ ഉറക്കത്തില്ല. എടീ.. നാണമുണ്ടോ സ്ത്രീയെ. നീ കണ്ണീര് വരുത്തെടീ. ഓരോ ആർട്ടിഫിഷ്യൽ കുടുംബ സ്ത്രീകൾ', എന്നാണ് നെവിൻ പറയുന്നത്. ഇതെല്ലാം കേട്ട് മിണ്ടാതെ ഇരിക്കുകയാണ് അനു ചെയ്തത്.
ഇത് കേട്ടു നിന്ന അനീഷ് വാക്കുകൾ നന്നായിട്ട് ഉപയോഗിച്ചാൽ നന്നായിരിക്കും എന്നാണ് നെവിനോട് പറയുന്നത്. 'ഭാഷ നന്നായാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്', എന്ന് നെവിനും മറുപടി നൽകി. 'ഞാൻ നിങ്ങളെ പോലെ മാലാഖ പുണ്യാളനാകാനല്ല ബിഗ് ബോസിൽ വന്നത്. എന്റെ പേരിന്റെ അർത്ഥം എന്താന്ന് അറിയാമോ കൊടുങ്കാറ്റ് എന്നാണ്. ഞാൻ ഈ ബിഗ് ബോസ് ഹൗസിൽ ആടി പൂണ്ടുവിളയാടും. ടിക്കറ്റ് ഫിനാലെ കിട്ടുന്നത് നിങ്ങൾ കാണണം. എന്റെ ഓരോ വളർച്ചയും കാണാൻ നിങ്ങളിവിടെ വേണം. ഹൃദയം പൊട്ടി വിങ്ങി നരകിക്കുന്നത് എനിക്ക് കാണണം', എന്നാണ് നെവിൻ അനീഷിനോട് പറഞ്ഞത്. ഇതിനിടയിൽ പറയുന്ന വാക്കുകൾ ശരിയല്ലെങ്കിൽ ചിലപ്പോൾ വിവരമറിയുമെന്ന് അനീഷ് മുന്നറിയിപ്പും നൽകുന്നുണ്ട്.



