ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ പുതിയ ക്യാപ്റ്റനെ കണ്ടെത്തി. വീക്കിലി ടാസ്‍കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ/ പോയിന്‍റുകള്‍ നേടിയ മൂന്ന് മത്സരാര്‍ഥികളാണ് എല്ലാ തവണയും ക്യാപ്റ്റന്‍സി ടാസ്‍കില്‍ പങ്കെടുക്കാറ്. 'വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍' എന്ന ഇത്തവണത്തെ വീക്കിലി ടാസ്‍കില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടിയ റംസാന്‍, കിടിലം ഫിറോസ്, ഡിമ്പല്‍ എന്നിവരാണ് പുതിയ ക്യാപ്റ്റന്‍സി ടാസ്‍കില്‍ പങ്കെടുത്തത്.

രസകരമായ ഒരു ഗെയിം ആയിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍ക്. ഒരു പെനല്‍റ്റി ഷൂട്ടൗട്ട് ആയിരുന്നു മത്സരം. ഗോളി ഇല്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് കണ്ണു കെട്ടി കാഴ്ച മറച്ചതിനു ശേഷം ഫുട്ബോള്‍ അടിച്ചുകയറ്റണമായിരുന്നു. 'captain' എന്ന വാക്കിലെ ഓരോ അക്ഷരവും രേഖപ്പെടുത്തിയ ഓരോ ബോളുകള്‍ ഓരോ മത്സരാര്‍ഥിക്കും ലഭിച്ചു. അതിനുശേഷം ആ ബോളുകളില്‍ നിന്ന് പരമാവധി ഗോളുകള്‍ നേടുന്ന ആള്‍ വിജയി ആവുമായിരുന്നു.

 

ഇതനുസരിച്ച് ആരംഭിച്ച മത്സരത്തില്‍ കിടിലം ഫിറോസും റംസാനും നാല് വീതം ഗോളുകള്‍ നേടിയപ്പോള്‍ ഡിമ്പലിന് 2 തവണയേ ഗോള്‍ നേടാനായുള്ളൂ. ബിഗ് ബോസിന്‍റെ നിര്‍ദ്ദേശപ്രകാരം റംസാനും കിടിലം ഫിറോസിനുമിടയില്‍ ഒരു തവണകൂടി മത്സരം നടത്തിയപ്പോള്‍ റംസാനാണ് വിജയിച്ചത്. റംസാന്‍ 5 ഗോളുകള്‍ നേടിയപ്പോള്‍ ഫിറോസിന് 3 തവണയേ പന്ത് വലയില്‍ എത്തിക്കാനായുള്ളൂ. ഇതനുസരിച്ച് റംസാനെ ബിഗ് ബോസ് അടുത്ത വാരത്തിലെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.