മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ബിഗ് ബോസ് മലയാളം സീസൺ 7-ന് ഒരു 'രാജാവ്' ഇല്ലെന്നത് ശ്രദ്ധേയമാണ്. ഫിനാലെ അടുത്തിട്ടും ഒരു മത്സരാർത്ഥിക്കും വ്യക്തമായ ആധിപത്യം നേടാനായിട്ടില്ല. ഹീറോകളാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തിളങ്ങാനായില്ല.

പ്രേക്ഷകര്‍ക്ക് എപ്പോഴും അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവെക്കാറുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടാണ് വന്ന ഭാഷകളിലെല്ലാം ഷോ ജനപ്രീതിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്നത്. 7ന്റെ പണി എന്ന ടാ​ഗ് ലൈനോടെ ആയിരുന്നു ഇത്തവണ മലയാളം സീസൺ 7 ആരംഭിച്ചത്. ഈ ടാ​ഗ് ലൈൻ അന്വർത്ഥമാക്കുന്ന കാഴ്ചകളായിരുന്നു ഓ​ഗസ്റ്റ് 3 മുതൽ പ്രേക്ഷകർ കണ്ടതും. ടാസ്കുകളിലും നോമിനേഷനുകളിലും മറ്റ് കാര്യങ്ങളിലുമെല്ലാം ബി​ഗ് ബോസ് ട്വിസ്റ്റുകൾ സമ്മാനിച്ചു. ഇതുവരെ കാണാത്ത ഒട്ടനവധി കാര്യങ്ങൾ ഈ സീസണിൽ നടന്നു കൊണ്ടേയിരിക്കുന്നുണ്ട്. നിലവിൽ മൂന്ന് ആഴ്ച മാത്രമാണ് ​ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാനായി കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേക്ഷകരും. ഷോ അവസാനിക്കാൻ ഒരുങ്ങുമ്പോൾ ശ്രദ്ധേയമായൊരു കാര്യമാണ് രാജാവില്ലാത്ത സീസൺ എന്നത്.

കഴിഞ്ഞ ഓരോ സീസണുകളിലും ഒരാള്‍ രാജാവായി വാഴ്ത്തപ്പെടാറുണ്ട്. വൺ മാൻ ഷോ, ഷോ സ്റ്റീലർ എന്നൊക്കെ അവരെ ബിബി ആരാധകർ തന്നെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ സീസൺ പോലെ ഈ സീസണും അങ്ങനെയല്ല. പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ 'ഇവർ ഹീറോ' ആകുമെന്ന് പ്രതീക്ഷിച്ച പലരും ഇപ്പോൾ പത്തിമടക്കി മാളത്തിൽ ഒളിച്ച അവസ്ഥയാണ്. ആദ്യമൊന്ന് കത്തിക്കയറി, പിന്നാലെ കരിന്തിരി ആയ അവസ്ഥ.

ഓ​ഗസ്റ്റ് 3ന് ആണ് ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കുന്നത്. 19 മത്സരാർത്ഥികളും ഷോയ്ക്ക് ഉള്ളിലേക്ക് കയറി. പിന്നീട് അതിരുവിട്ട തർക്കങ്ങളും വാക്ക് തർക്കങ്ങളും കയ്യാങ്കളി പവറിനായുള്ള പൊരിഞ്ഞ പോരാട്ടങ്ങളുമെല്ലാം കൊണ്ട് മുഖരിതമായി ബി​ഗ് ബോസ് ഹൗസ്. പുതിയ അഞ്ച് വൈൽഡ്‌ കാർഡ് എൻട്രികൾ കൂടി വന്നതോടെ കളിയുടെ സ്ഥിതിഗതികൾ അകെ മാറിമറിഞ്ഞു. ഹീറോ പരിവേഷത്തിൽ നിന്നവരെല്ലാം സീറോ ആയി. 'പക്ക ബി​ഗ് ബോസ് മെറ്റീരിയൽ' എന്ന് പറയാനായി ആരും തന്നെ ഇല്ല എന്നത് ഈ 75 ദിവസത്തിൽ തന്നെ വ്യക്തം.

സാബുമോന്‍, രജിത് കുമാര്‍, മണിക്കുട്ടന്‍, റോബിന്‍, അഖില്‍ മാരാർ പോലെ പുതിയ സീസണിലെ മത്സരാര്‍ഥികളില്‍ രാജാവ് ആകാന്‍ സാധ്യതയായി ആദ്യം തോന്നിയത് ഷാനവാസ് ആയിരുന്നു. പ്രഡിക്ഷൻ ലിസ്റ്റ് മുതൽ ഇയാളൊരു ബി​ഗ് ബോസ് മെറ്റീരിയലാകുമെന്ന് പ്രവചനങ്ങൾ വന്നു. എന്നാൽ ഒരുപരിധിയിൽ കൂടുതൽ തിളങ്ങാൻ ഷാനവാസിന് സാധിച്ചില്ല. പ്രത്യേകിച്ച് പല ടാസ്കുകളിലും. ചിലപ്പോഴെല്ലാം 'ഇയാൾ ഇത്രയും മണ്ടനാണോ' എന്ന് വരെ പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട് ഷാനവാസ്. അഭിനയമാണ് ബി​ഗ് ബോസ് ഹൗസ് എന്ന് ഷാനവാസ് തെറ്റിദ്ധരിച്ചതായി പലപ്പോഴും തോന്നി. മെയിൽ ഷോവനിസ്റ്റല്ല താനെന്ന് പറയുമ്പോഴും അതാണ് താനെന്ന് പലപ്പോഴും ഷാനവാസിന്റെ പെരുമാറ്റത്തിൽ നിന്നും വ്യക്തമായി. പലപ്പോഴും ​ഗ്രാഫുകൾ ഉയർന്നും താഴ്ന്നും നിന്നെങ്കിലും ഷാനവാസിന് ജനപ്രീതി ഏറെയാണ്.

ഹീറോയായി എത്തുമെന്ന് കരുതിയ മറ്റ് രണ്ടുപേർ അപ്പാനി ശരത്തും അക്ബർ ഖാനും ആണ്. ഇരുവരുടെയും സൗഹൃദങ്ങൾ ഷോയിൽ ശ്രദ്ധനേടിയിരുന്നു. ഒന്നിച്ചുള്ള ​ഗെയിം പ്ലാനുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. അപ്പാനിയെക്കാൾ ഒരുപടി മുകളിൽ അക്ബർ തന്നെയായിരുന്നു. പല കാര്യങ്ങളിലും വ്യക്തമായ നിലപാടുകളും മറ്റുള്ളവരുടെ സ്ട്രാറ്റജികൾ തകർക്കാനും അക്ബറിന് പ്രത്യേക കഴിവുണ്ടായി. എന്നാൽ അപ്പാനിയുടെ അപ്രതീക്ഷിതമായ എവിക്ഷന് പിന്നാലെ അക്ബർ ഒതുങ്ങി തുടങ്ങിയെന്ന് വേണം പറയാൻ. വീട്ടിൽ നിന്നും ആൾക്കാർ വന്നതിന് പിന്നാലെ അക്ബർ കൂടുതൽ ഡൗൺ ആയി. ഇമോഷണലി വീക്കായി എന്ന് വേണം പറയാൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഏറെ വൈകാരികമായുള്ള പ്രതികരണങ്ങൾ തന്നെ അതിന് തെളിവ്.

മുൻവിധികളെ മാറ്റിമറിച്ച ആളായിരുന്നു കോമണർ എന്ന ടാ​ഗോടെ എത്തിയ അനീഷ്. ​ഗ്രാന്‍റ് ലോഞ്ച് മുതൽ അയാൾ ആരംഭിച്ച സ്ട്രാറ്റജി തന്നെ ഇപ്പോഴും മെയ്ന്റെയ്ൻ ചെയ്ത് പോകുന്നുണ്ട്. നല്ലൊരു ​ഗെയിമറാണ് അനീഷ്. പക്ഷേ അയാളുടെ വർത്തമാനം പലപ്പോഴും അരോചകമായി മാറാറുണ്ട്. അന്നും ഇന്നും ഒരേ രീതിയിൽ മുന്നോട്ട് പോകുന്ന അനീഷിന് ഫാൻസും ഏറെയാണ്. ബി​ഗ് ബോസിന് വേണ്ട പല ​ഗുണങ്ങളും അനീഷിന് ഉണ്ടെങ്കിലും ഒരു ഹീറോ പരിവേഷം അനീഷിന് ഇല്ലെന്നത് വ്യക്തമാണ്.

മുകളിൽ പറഞ്ഞവരുടെ കൂട്ടത്തിലേക്ക് ആര്യൻ, അനുമോൾ എന്നിവരേയും ഉൾപ്പെടുത്താം. ആദ്യദിനം മുതൽ ഇരുവരും മികച്ച രീതിയിൽ തന്നെയാണ് ഷോയിൽ നിൽക്കുന്നത്. ആദ്യമെല്ലാം ജിസേലിന്റെ നിഴലായാണ് ആര്യൻ നിന്നതെങ്കിൽ ഇന്നക്കഥ മാറി. സ്വന്തമായി മികച്ച രീതിയിൽ ​ഗെയിമുകൾ എല്ലാം ചെയ്ത് മുന്നേറുന്നുണ്ട് ആര്യൻ. തരക്കേടില്ലാത്ത ആരാധകരും ആര്യനുണ്ട്. ഇമോഷണലാണെങ്കിലും തന്റെ ​ഗെയിം വൃത്തിക്ക് ചെയ്യുന്നുണ്ട് അനുമോൾ. ഷോയിൽ പലരും അനുമോൾക്ക് എതിരെയാണ് നിൽക്കുന്നതെങ്കിലും അവയെ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ അനുവിന് സാധിച്ചിട്ടുണ്ട്.

നിലവിലുള്ള മത്സരാർത്ഥികളിൽ ആരാധകർ ഏറെയുള്ള മത്സരാർത്ഥികളിൽ ഒരാളും അനുവാണ്. ഷോയിൽ വരുന്നതിന് മുൻപ് തന്നെ ഉള്ള ആരാധകരാണ് ഇവരിൽ ഏറെയും. ഫിസിക്കൽ ടാസ്ക് അനുമോൾ ചെയ്യില്ലെന്ന് പറഞ്ഞവരെ കൊണ്ടുതന്നെ കഴിഞ്ഞ വീക്കിലി ‍ടാസ്കിലൂടെ അവർ മാറ്റി പറയിപ്പിച്ചിട്ടും ഉണ്ട്. എന്നിരുന്നാലും ആര്യനോ അനുമോളോ ഒരു ഹീറോ പരിവേഷം ഉള്ളവരുമല്ല. നെവിനെ ആദ്യമെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. എന്റർടെയ്നറായിരുന്നു നെവിൻ. എന്നാൽ പോകപ്പോകേ ആ ഇഷ്ടം നെവിൻ തന്നെ മാറ്റി എടുത്തു. 'വെറുപ്പിക്കൽ അല്ലെങ്കിൽ അരോചകം' ആണെന്ന് പലരേയും കൊണ്ട് പറയിപ്പിച്ചിട്ടുണ്ടെന്നാണ് നിലവിൽ പ്രേക്ഷക അഭിപ്രായത്തിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം, നിലവിൽ 10 മത്സരാർത്ഥികളാണ് ബി​ഗ് ബോസ് സീസൺ 7ൽ ഉള്ളത്. ലക്ഷ്മി, ആര്യൻ, അനുമോൾ, അക്ബർ, ഷാനവാസ്, അനീഷ്, ആദില, നൂറ, നെവിൻ, സാബുമാൻ എന്നിവരാണ് അവർ. ഇതിൽ ഒരാളോ അതിൽ കൂടുതൽ പേരോ ഈ വാരം എവിക്ട് ആകും. ശേഷമുള്ളവരിൽ ആരൊക്കെയാലും ടോപ് 5, ടോപ് 3 എത്തുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്