ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയിലേക്ക് അടുക്കുമ്പോൾ അടുത്ത വാരത്തില്‍ പല പ്രത്യേകതകളുമുണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി വെറും 9 ദിനങ്ങള്‍ കൂടി മാത്രം. തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും മുഖരിതമായിരുന്ന ബിഗ് ബോസ് ഹൗസ് ഇപ്പോള്‍ ശാന്തമാണ്. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തും തമാശകള്‍ പങ്കുവച്ചും പിണക്കങ്ങള്‍ മാറ്റിയുമൊക്കെ കഴിയുകയാണ് മത്സരാര്‍ഥികള്‍. എല്ലാ ആഴ്ചയും ചെയ്തുകൊണ്ടിരുന്ന ഒരു ആക്റ്റിവിറ്റി ഇന്നും അവര്‍ക്ക് ചെയ്യേണ്ടിവന്നെങ്കിലും അതിന്‍റെ ഫലം വേറിട്ട രീതിയില്‍ ആയിരിക്കും. ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആയിരുന്നു അത്. സാധാരണ രണ്ട് പേരുടെ വീതം പേരുകള്‍ ഓരോരുത്തരും പറഞ്ഞ് ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന മൂന്ന് മത്സരാര്‍ഥികള്‍ക്കായി ടാസ്ക് നടത്തി ആയിരുന്നു ബിഗ് ബോസ് ഓരോ വാരവും ക്യാപ്റ്റനെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഫിനാലെ വീക്കില്‍ ബിഗ് ബോസില്‍ ക്യാപ്റ്റന്‍ ഉണ്ടായിരിക്കില്ല. അക്കാര്യം മത്സരാര്‍ഥികളെ ബിഗ് ബോസ് ഇന്ന് ഓര്‍മ്മിപ്പിച്ചു. അതേസമയം ഒരു നോമിനേഷന്‍ അവരോട് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഈ വാരത്തിലെയും മൊത്തത്തിലുള്ള പ്രകടനത്തിന്‍റെയും അടിസ്ഥാനത്തില്‍ മികവ് പുലര്‍ത്തിയ ഒരു മത്സരാര്‍ഥിയുടെ പേര് പറയാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതില്‍ അനുമോള്‍ ഒഴികെ എല്ലാവരും നെവിന്‍റെ പേരാണ് പറഞ്ഞത്. അഗ്രസീവ് പെരുമാറ്റത്തിന്‍റെ പേരില്‍ മോഹന്‍ലാലില്‍ നിന്ന് ശിക്ഷ പോലും ലഭിച്ച വാരമായിരുന്നു നെവിനെ സംബന്ധിച്ച് കഴിഞ്ഞ വാരം. എന്നാല്‍ തന്‍റെ തെറ്റ് മനസിലാക്കി അടിമുടി മാറിയ നെവിനെയാണ് ഈ ആഴ്ച പ്രേക്ഷകരും സഹമത്സരാര്‍ഥികളും കണ്ടത്. ആ പ്രയത്നത്തിന് ലഭിച്ച ഫലമായിരുന്നു ഒരു തരത്തില്‍ ഈ നോമിനേഷന്‍. അനുമോള്‍ അനീഷിന്‍റെയും നെവിന്‍ അക്ബറിന്‍റെയും പേരാണ് ഇതേ നോമിനേഷനില്‍ പറഞ്ഞത്. താന്‍ പ്രശ്നത്തില്‍ ആയിരുന്ന സമയത്ത് അക്ബര്‍ പ്രചോദിപ്പിച്ചിരുന്നുവെന്ന് നെവിന്‍ നോമിനേഷന് കാരണമായി പറഞ്ഞു.
ക്യാപ്റ്റന്‍സി ഇല്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതിന് ഒരു സമ്മാനം നെവിന് ലഭിക്കുമെന്നും അക്കാര്യം പിന്നീട് അറിയിക്കുമെന്നും ബിഗ് ബോസ് വോട്ടിംഗിന് പിന്നാലെ അറിയിച്ചു. ഇത് എന്തായിരിക്കുമെന്ന ആകാംക്ഷ നെവിന് ഉണ്ട്. സ്വന്തം പ്രതിച്ഛായ മാറ്റിയ നെവിന് വരുന്ന വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലില്‍ നിന്നും പ്രശംസ ലഭിക്കുമെന്ന് ഉറപ്പാണ്.

