"പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍. പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്. എന്‍റെ സംസാരം, നടത്തം, മുഖഭാവം ഇതൊക്കെ കണ്ടിട്ട് അങ്ങനെയാണ് ആളുകള്‍ കരുതുന്നത്"

അടുത്ത് പരിചയമില്ലാത്ത പലരും നടപ്പും ഭാവവും കണ്ട് താന്‍ 'ജാഡ'യാണെന്ന് വിലയിരുത്താറുണ്ടെന്ന് നോബി മാര്‍ക്കോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥിയായ നോബി സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഒരു ടാസ്‍കില്‍ വിശദീകരിക്കുകയായിരുന്നു. 

നോബിയുടെ വാക്കുകള്‍

"പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍. പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്. എന്‍റെ സംസാരം, നടത്തം, മുഖഭാവം ഇതൊക്കെ കണ്ടിട്ട് അങ്ങനെയാണ് ആളുകള്‍ കരുതുന്നത്. ഒരിക്കല്‍ എന്‍റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട ഒരു സുഹൃത്ത് പറഞ്ഞു, ചേട്ടാ എന്‍റെയൊരു ബന്ധുവിന് ചേട്ടനെ തീരെ ഇഷ്ടമല്ലെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്ക് ഭയങ്കര ജാഡയാണെന്ന് പറഞ്ഞെന്നും അറിഞ്ഞു. പുള്ളിക്ക് എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. എന്‍റെ നടത്തവും നോട്ടവുമൊക്കെ കാണുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് ഞാന്‍ ലോകോത്തര ജാഡയാണെന്നാണ്. അവതരിപ്പിക്കുന്ന പരിപാടികളെപ്പറ്റിയും പറയാറുണ്ട്, ഇവന്‍റെയൊക്കെ കോമഡി കണ്ട് ആര് ചിരിക്കാന്‍ എന്ന്. ഈ മുഖവും വച്ചോണ്ട് ചിരിപ്പിക്കാന്‍ പെടുന്ന പാട്.. കാരണം എന്‍റേത് ഒരു കോമഡി മുഖമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പലപ്പോഴും കണ്ണാടിയില്‍ നോക്കുമ്പൊ എനിക്കുതന്നെ തോന്നിയിട്ടുണ്ട്, ഞാന്‍ കുറച്ച് ജാഡയാണോ എന്ന്. പക്ഷേ പറയുന്നതിനൊക്കെ എല്ലാവരും ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. ആരെയും വേദനിപ്പിക്കാത്ത, കുറച്ച് സഹായമനസ്ഥിതിയൊക്കെയുള്ള ആളാണ്. വലിയ രീതിയിലുള്ള സഹായങ്ങളുടെ കാര്യമല്ല, സുഹൃത്തുക്കളുടെയൊക്കെ കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. ഉപദ്രവകാരിയായ ഒരാളല്ല. ഇനി ജനങ്ങള്‍ എന്‍റെ വ്യക്തിത്വത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയില്ല", നോബി പറയുന്നു.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ അതിന്‍റെ മൂന്നാം ദിവസം കടക്കുമ്പോള്‍ പ്രേക്ഷകരെ സംബന്ധിച്ച് മത്സരാര്‍ഥികളൊക്കെ ഏറെക്കുറെ പരിചിതരായിട്ടുണ്ട്. ഭാഗ്യലക്ഷ്മി, മണിക്കുട്ടന്‍, നോബി, കിടിലം ഫിറോസ്, റംസാന്‍ തുടങ്ങിയ ചിലര്‍ ഒഴിച്ചാല്‍ താരതമ്യേന നവാഗതരാണ് ഇത്തവണത്തെ മത്സരാര്‍ഥികള്‍. എന്നാല്‍ മൂന്ന് ദിവസംകൊണ്ടുതന്നെ ഇവരില്‍ പലരും വ്യക്തിത്വംകൊണ്ട് കാണികളുടെ ശ്രദ്ധ ക്ഷണിച്ചുകഴിഞ്ഞു. അതിനിടെ സീസമ്‍ 3ലെ ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.