ബിഗ് ബോസില്‍ നാടകീയമായി വാരാന്ത്യ എപ്പിസോഡ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറെ നാടകീയമായ വാരാന്ത്യ എപ്പിസോഡ്. ഷോ മുന്നോട്ട് പോകവെ ഉണ്ടാവുന്ന പിരിമുറുക്കങ്ങളില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുന്നത് ബിഗ് ബോസില്‍ പതിവാണ്. എന്നാല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ തെറി വാക്കുകള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടത് ഈ സീസണിലാണ്. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ആദ്യം ഇക്കാര്യം പറഞ്ഞാണ് എത്തിയത്. മോശം വാക്കുകള്‍ ഉപയോഗിക്കുന്നവരെ ഓരോരുത്തരും തെരഞ്ഞെടുക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇതനുസരിച്ച് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് ജിന്‍റോയ്ക്കും രണ്ടാമന്‍ ഗബ്രിയും ആയിരുന്നു. തുടര്‍ന്ന് സഹമത്സരാര്‍ഥികളെ അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനമാണ് മോഹന്‍ലാല്‍ നടത്തിയത്. തന്‍റെ സ്വന്തം തീരുമാനപ്രകാരം ഇരുവരെയും സ്പോട്ട് എവിക്ഷന്‍ ചെയ്യുന്നു എന്നതായിരുന്നു അത്. തുടര്‍ന്ന് ഇരുവരെയും കണ്ണ് കെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. മോഹന്‍ലാല്‍ ഇരുവരോടും മാത്രമായി വീണ്ടും സംസാരിക്കുകയും ചെയ്തു. ഒരു അവസരം കൂടി തന്നാല്‍ തങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ജിന്‍റോ ഉറപ്പ് നല്‍കി. ഗബ്രിയും അത് ആവര്‍ത്തിച്ചു. 

തുടര്‍ന്ന് ഹൌസിലെ സഹമത്സരാര്‍ഥികളോട് ഗബ്രിയുടെയും ജിന്‍റോയുടെയും കാര്യം മോഹന്‍ലാല്‍ ചോദിച്ചു. ഒരു അവസരം കൂടി ലഭിച്ചാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അവരെ തിരിച്ച് കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് അറിയിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം മറിച്ചൊരു അഭിപ്രായം പറഞ്ഞു. നോറയായിരുന്നു അത്. ഇരുവരും മുതിര്‍ന്ന മനുഷ്യരാണെന്നും ഒരു തവണയല്ല, പല തവണ ഇതേ തെറ്റ് അവര്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും നോറ പറഞ്ഞു. അവരെ തിരിച്ച് കൊണ്ടുവരണമെന്ന് തനിക്ക് അഭിപ്രായം ഇല്ലെന്നും. തങ്ങള്‍ കൂടിയാലോചന നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ALSO READ : 'കപ്പേള'യ്ക്ക് ശേഷമുള്ള മുഹമ്മദ് മുസ്‌തഫ ചിത്രം; 'മുറ' ചിത്രീകരണം പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം