നോമിനേഷനില്‍ ഉള്ളവരുടെ പേരുകള്‍ പറയാമോ എന്ന് ബിഗ് ബോസിനോട് ഒമര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ആയിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ കടന്നുവരവ്. ആദ്യ രണ്ട് ദിവസങ്ങളില്‍ ശക്തനായ മത്സരാര്‍ഥി ആവുമെന്ന് തോന്നലുളവാക്കിയ ഒമര്‍ തുടര്‍ ദിനങ്ങളില്‍ നിറം മങ്ങിപ്പോയി. ഒരുവട്ടം ജയില്‍ശിക്ഷയും ലഭിച്ചു. എന്നാല്‍ ഏറ്റവും പുതിയ വീക്കിലി ടാസ്കിലുള്‍പ്പെടെ ഗെയിമിലേക്ക് തിരിച്ചെത്തുന്ന ഒമറിനെയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നത്. അതേസമയം ഒമറിന്‍റെ ഇത്തവണത്തെ നോമിനേഷന്‍ ബിഗ് ബോസ് പ്രേമികള്‍ക്കിടയില്‍ വൈറല്‍ ആവുന്നുണ്ട്.

ഹൗസില്‍ നിന്ന് പുറത്തുപോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ പേരുകളും അതിനുള്ള കാരണങ്ങളും പറയാന്‍ ആവശ്യപ്പെട്ട ബിഗ് ബോസിനോട് നോമിനേഷനില്‍ ഇടംപിടിക്കാത്ത രണ്ട് മത്സരാര്‍ഥികളുടെ പേര് ഒമര്‍ പറഞ്ഞു. അഖില്‍ മാരാരുടെയും ഷിജുവിന്‍റെയും പേരാണ് നോമിനേഷനുവേണ്ടി ഒമര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ അഖില്‍ നോമിനേഷനില്‍ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നീട് ഷിജുവും വിഷ്ണുവും എന്നായി ഒമര്‍. വിഷ്ണുവും നോമിനേഷനില്‍ ഇല്ലെന്ന വിവരം ബിഗ് ബോസ് അറിയിച്ചു. വിഷ്ണു, മിഥുന്‍, അഖില്‍, അനു ഈ നാല് പേരെയും ഇത്തവണ നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് വിശദീകരിച്ചു. തുടര്‍ന്ന് ഷിജുവിനൊപ്പം ആരുടെ പേര് പറയണമെന്ന് സംശയിക്കുന്ന ഒമറിനെയാണ് പ്രേക്ഷകര്‍ കണ്ടത്. 

ഷിജു അല്ലാതെ മറ്റൊരു പേര് തോന്നുന്നില്ലെന്നും തനിക്ക് അഞ്ച് മിനിറ്റ് തരണമെന്നും ഒമര്‍ പറഞ്ഞു. ഒമറിന്‍റെ അവസ്ഥ മനസിലാക്കി എന്താണ് നോമിനേഷനെന്ന് ബിഗ് ബോസ് വിശദീകരിച്ചു. ഇവിടെ ഒട്ടും സജീവമല്ലെന്നും ഈ ബിഗ് ബോസ് ഷോയോട് നീതി പുലര്‍ത്തുന്നില്ലെന്നും നിങ്ങള്‍ക്ക് തോന്നുന്ന രണ്ട് വ്യക്തികളെ നോമിനേറ്റ് ചെയ്യുക, ബിഗ് ബോസ് പറഞ്ഞു. എന്നാല്‍ ഒമറിന് പേരുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന ആളുകളുടെ പേരുകള്‍ പറയാമോ എന്ന് ഒമര്‍ തുടര്‍ന്ന് ചോദിച്ചു. ബിഗ് ബോസ് പേരുകള്‍ പറ‍ഞ്ഞതിന് പിന്നാലെ ഒമര്‍ തന്‍റെ നേമിനേഷനും പ്രഖ്യാപിച്ചു. ഷിജുവിന്‍റെയും ശോഭയുടെയും പേരുകളാണ് ഒമര്‍ പറഞ്ഞത്. എപ്പിസോഡില്‍ ഒമറിന്‍റെ ശരിയായ നോമിനേഷന്‍ മാത്രമാണ് കാണിച്ചിരുന്നത്. അതേസമയം ഒമറിന്‍റെ നോമിനേഷനിന്‍റെ ലൈവ് സ്ട്രീമിംഗില്‍ നിന്നുള്ള പൂര്‍ണ്ണമായ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ALSO READ : കേരളത്തിലും ഹിറ്റ്; 'പൊന്നിയിന്‍ സെല്‍വന്‍ 2' ആദ്യ നാല് ദിവസത്തില്‍ നേടിയത്