ടാറ്റൂ പതിപ്പിച്ച് ബിഗ് ബോസ് താരം ഒനീല്‍ സാബു.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മൽസരാർത്ഥികളിൽ ഒരാളായിരുന്നു അഭിഭാഷകനും ഫുഡ് വ്ളോഗറും ഒനീല്‍ സാബു. 62-ാം ദിവസമാണ് ഒനീൽ എവിക്ട് ആയത്. സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ഒനീല്‍ തന്‍റേതായ സ്റ്റൈലും വ്യക്തിത്വവുമൊക്കെ ബിഗ് ബോസ് ഷോയിലേക്കും കൊണ്ടുവന്നിരുന്നു. ഷോയിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാനും ഒനീലിന് കഴിഞ്ഞിരുന്നു. ബിഗ്ബോസ് അവസാനിച്ചതിനു ശേഷവും ആ ഓർമകളെ തന്നോടൊപ്പം ചേർക്കുകയാണ് ഒനീൽ. ബിഗ്ബോസിൽ മൽസരിച്ചതിന്റെ അടയാളമായി ഷോയുടെ ലോഗോ ആണ് താരം കയ്യിൽ ടാറ്റൂ ആയി പതിച്ചത്.

''ബിഗ് ബോസ് ഗെയിമിനോടുള്ള ആഴത്തിലുള്ള അടുപ്പം സൂചിപ്പിക്കുന്ന ടാറ്റൂ ആണിത്. എല്ലാ ടാറ്റൂവിനും ഒരു അർത്ഥം ഉണ്ടാകും. ബിഗ് ബോസിലെ എന്റെ പേഴ്സണൽ യാത്ര, അവിടെ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ ഓർമപ്പെടുത്തുന്ന ടാറ്റൂ ആണിത്. ആളുകളിൽ നിന്നും എനിക്കു ലഭിച്ച സ്നേഹം വളരെ വലുതാണ്. ഈ യാത്രയിൽ ഇത്രയും ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ മനസിൽ പോലും കരുതിയതല്ല'', ഒനീൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഫോർട്ട് കൊച്ചിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന വ്യക്തിയാണ് ഒനീൽ സാബു. എഫ്‍സി ബോയ് എന്നാണ് ഒനീലിന്റെ ഇൻസ്റ്റഗ്രാം ഐഡിയുടെ പേരു തന്നെ. അതിലെ എഫ്സി എന്നത് ഫോർട്ട് കൊച്ചിയുടെ ചുരുക്കെഴുത്താണ്.

നാടിനെ അത്രയും സ്നേഹിക്കുന്ന അതിൻറെ കഥകളും പുരാവൃത്തവുമൊക്കെ മറ്റുള്ളവരോട് മനോഹരമായ ഭാഷയിൽ പറഞ്ഞുകൊടുക്കാനും സ്വാദിഷ്ടമായ ഭക്ഷണം പരിചയപ്പെടുത്തുകയും ചെയ്യുന്നയാളാണ് ഒനീൽ. യുഎഇയിലെ ഫുജൈറയിലായിരുന്നു സാബുവിൻറെ കുട്ടിക്കാലം. പത്താം ക്ലാസിന് ശേഷമാണ് മാതാപിതാക്കളുടെ നാടായ ഫോർട്ട് കൊച്ചിയിലേക്ക് സാബു എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക