മുന്‍ സീസണുകളില്‍ ഇല്ലാതിരുന്ന ഒന്നാണ് പവര്‍ റൂം

മുന്‍ സീസണുകളില്‍ നിന്ന് പല പ്രത്യേകതകളോടെയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുന്നത്. നാല് കിടപ്പുമുറികള്‍ ഉണ്ടെന്നതാണ് ഈ സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതില്‍ മൂന്ന് മുറികള്‍ ചെറുതും നാലാമത്തേത് വലുതും കൂടുതല്‍ സൗകര്യങ്ങളോട് കൂടിയതുമാണ്. വലിയ മുറിയാണ് പവര്‍ റൂം. അവിടുത്തെ താമസക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചില അധികാരങ്ങളുമുണ്ട്. ഗബ്രി, ജാസ്മിന്‍, യമുന, ജാന്‍മോണി, ശ്രീരേഖ എന്നിവരാണ് നിലവില്‍ പവര്‍ റൂമിലെ താമസക്കാര്‍. മുന്‍ സീസണുകളില്‍ ഇല്ലാതിരുന്ന കാര്യമായതിനാല്‍ പവര്‍ റൂം അധികാരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് അവിടുത്തെ അന്തേവാസികള്‍ക്കിടയില്‍ത്തന്നെയുള്ള ആശയക്കുഴപ്പങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ പവര്‍ റൂമില്‍ ഇന്ന് ഒരു നിയമലംഘനവും നടന്നു. 

തനിക്ക് ലഭിച്ച ഐസ്ക്രീമില്‍ നിന്ന് ജാന്‍മോണിയും നിലവിലെ ക്യാപ്റ്റനായ അപ്സരയും തന്നോട് ചോദിക്കാതെ എടുത്തത് ശരിയായില്ലെന്ന് ഗബ്രി പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിക്കാന്‍ എടുത്ത സമയത്ത് ഗബ്രി ഇത് പറഞ്ഞതില്‍ ബുദ്ധിമുട്ട് തോന്നിയ ഇരുവരും അത് കഴിക്കാതെ ഫ്രിഡ്ജില്‍ തിരികെ കൊണ്ടുവന്ന് വച്ചു. ജാന്‍മോണി തന്‍റെ രോഷം പ്രകടിപ്പിക്കുന്നതിനിടെ ഗബ്രിയുടെ ഭാഗം പറയാനായി അപ്സരയ്ക്ക് അരികിലേക്ക് ജാസ്മിന്‍ കൂടി എത്തിയതോടെ മറ്റ് മത്സരാര്‍ഥികളുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് ആയി. ഗബ്രിയെ ആശ്വസിപ്പിക്കാന്‍ ജാസ്മിനൊപ്പം റസ്മിനും ഈ സമയം എത്തി. ഇതിനിടെ തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങിയ ഗബ്രി ബാത്ത്റൂമില്‍ കയറി വാതില്‍ അടച്ചു. അല്‍പസമയത്തിന് ശേഷം എല്ലാ മത്സരാര്‍ഥികളും ഹാളിലേക്ക് എത്തണമെന്ന് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

പവര്‍ റൂം സംബന്ധിച്ച നിയമങ്ങളുടെ ലംഘനം നടന്നിരിക്കുന്നുവെന്നും ആര്‍ക്കെങ്കിലും അത് മനസിലായോ എന്നും ബിഗ് ബോസ് ചോദിച്ചു. നിഷാനയാണ് അതിന് മറുപടി പറഞ്ഞത്. പവര്‍ ടീമിന്‍റെ ഭാഗമല്ലാത്ത റസ്മിന്‍ പവര്‍ റൂമിലേക്ക് കയറി എന്നതായിരുന്നു അത്. പവര്‍ ടീം അംഗങ്ങളോട് താന്‍ അനുവാദം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ആരും പ്രതികരിച്ചില്ലെന്നും റസ്മിന്‍ പറഞ്ഞു. ഒപ്പം തനിക്ക് തെറ്റ് പറ്റിയെന്നും റസ്മിന്‍ സമ്മതിച്ചു. നിയമം ലംഘിച്ചയാള്‍ക്കുള്ള ശിക്ഷ പവര്‍ റൂം അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ച് അറിയിക്കാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. 

ALSO READ : പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം