വേദ് ലക്ഷ്‍മിയെക്കുറിച്ച് ആരോപണമുയര്‍ത്തി ഞായറാഴ്ച എവിക്റ്റ് ആയ പ്രവീണ്‍. മുൻ മത്സരാർത്ഥികളിൽ നിന്ന് ലക്ഷ്മിക്ക് മത്സരത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചുവെന്നാണ് പ്രവീണിന്‍റെ വാദം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അപ്രതീക്ഷിതത്വങ്ങള്‍ക്ക് ഏത് നിമിഷവും സാധ്യതയുള്ള ബിഗ് ബോസില്‍ ഇന്നലെ രണ്ട് മത്സരാര്‍ഥികളാണ് എവിക്ഷനിലൂടെ പുറത്തായത്. മസ്താനിയും പ്രവീണുമായിരുന്നു ഇത്. മസ്താനിയുടേത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കുന്ന പുറത്താവല്‍ ആയിരുന്നില്ലെങ്കില്‍ പ്രവീണിന്‍റേത് അപ്രതീക്ഷിതമായിരുന്നു. ഗെയിമിലേക്ക് ആക്റ്റീവ് ആയി എത്തുന്ന സമയത്താണ് പ്രവീണിന് പുറത്ത് പോവേണ്ടി വന്നത്. പുറത്തെത്തി യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ പ്രവീണ്‍ ഒരു സഹമത്സരാര്‍ഥിയെക്കുറിച്ച് ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. വേദ് ലക്ഷ്മിയെക്കുറിച്ചാണ് അത്.
കഴിഞ്ഞ വാരം ഒരു സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളായ അഖില്‍ മാരാര്‍, അഭിഷേക് ശ്രീകുമാര്‍, സെറീന ആന്‍ ജോണ്‍സണ്‍ എന്നിവര്‍ ഹൗസില്‍ എത്തിയിരുന്നു. ഇവര്‍ വന്ന് പോയതിന് ശേഷം ലക്ഷ്മിയുടെ രീതികളില്‍ മാറ്റം വന്നതുപോലെ തോന്നിയെന്നും പുറത്തുനിന്ന് വന്നവരില്‍ നിന്ന് ലക്ഷ്മിക്ക് എന്തെങ്കിലും വിവരം ലഭിച്ചോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെ നടന്നിട്ടുണ്ട് എന്നാണ് പ്രവീണിന്‍റെ മറുപടി. “അങ്ങനെ നടന്നിട്ടുണ്ട്. അഭിഷേകും സെറീനയും അഖില്‍ മാരാരും ഹൗസില്‍ കയറിയ അന്ന് രാത്രി ഞങ്ങള്‍ ഗാര്‍ഡനില്‍ ഇരുന്ന സമയത്ത് ലക്ഷ്മി പറഞ്ഞു, എനിക്ക് ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട് എന്ന്. എന്‍റെ ഗെയിം മാറ്റാന്‍ സമയമായി, ഞാന്‍ കോണ്ടെന്‍റുകള്‍ കൊടുക്കണം എന്ന് പറഞ്ഞു. ആര് പറഞ്ഞിട്ടാ ഇത് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ അഭിഷേക് ആണെന്നാണ് കാണിച്ചത്. പറയുകയായിരുന്നില്ല, സൈന്‍ ലാംഗ്വേജിലൂടെയാണ് അത് അഭിഷേക് ആണെന്ന് അറിയിച്ചത്. ഞങ്ങള്‍ അവിടെ പല കാര്യങ്ങളും പരസ്പരം പറയുന്നത് സോഫയില്‍ എഴുതി കാണിച്ചോ മറ്റ് രീതിയിലുള്ള സൈന്‍ ലാംഗ്വേജിലോ കൂടിയാണ്”, പ്രവീണ്‍ പറയുന്നു.
ഈ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ചര്‍ച്ചയ്ക്കെടുത്ത രണ്ട് പ്രധാന വിഷയങ്ങള്‍ ലക്ഷ്മി ഉള്‍പ്പെട്ടവയായിരുന്നു. ആദിലയ്ക്കും നൂറയ്ക്കുമെതിരെ സംസാരിച്ചതും ഒനീല്‍ സാബുവിനെതിരെ ഉയര്‍ത്തിയ ആരോപണവുമായിരുന്നു അവ. ഈ രണ്ട് വിഷയങ്ങളിലും ലക്ഷ്മിക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. മോഹന്‍ലാല്‍ എത്തിയ രണ്ട് വാരാന്ത്യ എപ്പിസോഡുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

