ആദ്യ ആഴ്ചയിൽത്തന്നെ ഡബിൾ എവിക്ഷൻ. പുറത്തേക്ക് പോയിരിക്കുന്നത് റിനി ആൻ ജോർജ്. വീട്ടിൽ ആക്റ്റീവ് അകാൻ ശ്രമിച്ചിട്ടും റിനിയ്ക്ക് അടിപതറിയത് എവിടെയാണ്?

ബിഗ് ബോസ് മലയാളം സീസൺ 8 ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിൽനിന്ന് രണ്ടാമത്തെ മത്സരാർത്ഥിയും പുറത്തേക്ക് പോയിരിക്കുകയാണ്. റിനി ആൻ ജോർജ് ആണ് ഷോയിൽനിന്ന് പുറത്തായിരിക്കുന്നത്. ആദ്യ ആഴ്ചയിൽത്തന്നെ ഡബിൾ എവിക്ഷൻ നടക്കുന്നത് ആദ്യമായാണ്. സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും ഏറെ പരിചിത മുഖമായിരുന്നു റിനി വീടിനുള്ളിലും ഒരാഴ്ചകൊണ്ട് പലതരം ചലനങ്ങൾ സൃഷ്‌ടിച്ച വ്യക്തിയാണ്. എന്നിട്ടും എന്തുകൊണ്ടാവും അവിടെ പിടിച്ചുനിൽക്കാൻ റിനിക്ക് കഴിയാതെ പോയത്? എവിടെയാണ് റിനിയ്ക്ക് പിഴച്ചത്?

ഒരാഴ്ച ഏറെക്കുറെ ആക്റ്റീവ് ആയിരുന്നിട്ടും ഒരു പോസിറ്റീവ് ആയ ഇമ്പാക്റ്റ് ഉണ്ടാക്കാനായില്ല എന്നത് തന്നെയാണ് റിനിയുടെ ഭാഗത്തുണ്ടായ പ്രധാന പ്രശ്നം. രാഹുൽ ഈശ്വർ എന്ന ഒറ്റ മത്സരാർത്ഥിയെ ഫോക്കസ് ചെയ്തായിരുന്നു റിനിയുടെ ഗെയിം എന്നതും തിരിച്ചടിയായിട്ടുണ്ട്. ഇത്തവണ വീട്ടിലേക്കെത്തിയവരിലെ പരിചിത മുഖങ്ങളിൽ ഒന്നായിരുന്നു റിനിയുടേത്. വന്ന ആദ്യ ദിവസങ്ങളിൽത്തന്നെ റിനി വീടിനകത്തും പുറത്തുമുള്ളവരിൽ തന്നെ അടയാളപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷെ ഒരു നെഗറ്റീവ് ഗെയിം പ്ലാനാണ് റിനി അവിടെ പയറ്റിയത്. വീടിന് പുറത്തുള്ള കാര്യങ്ങളെ ഫോക്കസ് ചെയ്താണ് റിനി കളിച്ചത് എന്നതായിരുന്നു അവരുടെ ഭാഗത്തുണ്ടായ ആദ്യ പിഴവ്. രാഹുൽ ഈശ്വറുമായി തനിക്കുള്ള അഭിപ്രായ വ്യത്യസങ്ങൾ മാത്രം മുൻനിർത്തിക്കൊണ്ടായിരുന്നു ഒന്നാം ദിവസം മുതൽ റിനി മുന്നോട്ടുപോകാൻ ശ്രമിച്ചത്.

അതേസമയം വീടിനകത്തെ കാര്യങ്ങളിൽ അവർ അധികം ശ്രദ്ധ കൊടുക്കുന്നതായി തോന്നിയതുമില്ല. ഇതുകൊണ്ടുതന്നെ സഹമത്സരാർത്ഥികളിൽ തന്നെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉളവാക്കാൻ റിനിക്ക് കഴിയാതെ പോയി. ഏറ്റവും കൂടുതൽ വോട്ടുകളോടെ നോമിനേഷനിൽ വന്ന മത്സരാർത്ഥിയും റിനി തന്നെ. പുറത്തെ കാര്യങ്ങൾക്കപ്പുറത്തേക്ക് മറ്റൊന്നും തനിക്ക് സംസാരിക്കാനില്ലെന്ന നിലയിലേക്ക് റിനി വളരെ വേഗത്തിൽ എത്തി. പക്ഷേ അക്കാര്യത്തിലും നന്നായി സംസാരിക്കാനോ തന്റെ പോയിന്റുകൾ കൃത്യമായി മുന്നോട്ടുവയ്ക്കാനോ പലപ്പോഴും അവർക്ക് കഴിയാതെയും പോയി. ജയിൽ നോമിനേഷനിൽ അടക്കം ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. എല്ലാവരും കാര്യകാരണങ്ങൾ അടക്കം ഓരോരുത്തരെ നോമിനേറ്റ് ചെയ്തപ്പോൾ റിനി അവിടെയും പതറുന്ന കാഴ്ചകളാണ് കണ്ടത്. ഇതോടെ റിനി ഈ ഷോയ്ക്ക് ഫിറ്റ് അല്ല എന്ന രീതിയിൽ ആളുകൾ ചിന്തിക്കാനും തുടങ്ങി.

രാഹുൽ ഈശ്വർ അല്ലാതെ മറ്റൊരു ടാർഗെറ്റ് റിനിക്ക് അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ പോകെപ്പോകെ തന്റെ നിലപാടുകൾ പലതും റിനി തന്നെ മയപ്പെടുത്തുന്നതും രാഹുലിന്റെ മാനിപ്പുലേഷനിൽ പെട്ട് പറഞ്ഞ കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതുമാണ് പിന്നീട് കണ്ടത്. ഇതോടെ റിനിയുടെ നിലപാടുകളെക്കുറിച്ചും പ്രേക്ഷകർക്ക് ആശയക്കുഴപ്പമുണ്ടായി. വളരെ വേഗത്തിൽ മാനിപ്പുലേറ്റ് ചെയ്യപ്പെടുന്ന വ്യക്തി കൂടിയാണ് റിനി എന്ന ഇമേജ് അവർക്കുണ്ടാകുകയും ചെയ്തു. ബിഗ് ബോസ് പോലൊരു ഷോയിൽ ഇമോഷണൽ ഇന്റലിജൻസ് എന്നത് ഓരോ വ്യക്തിക്കും ഏറെ വേണ്ടുന്ന ക്വാളിറ്റി തന്നെയാണ്. ഇക്കാര്യത്തിലും റിനി പലപ്പോഴും പിന്നിലായിരുന്നു. ഗെയിമിന്റെ പല ഘട്ടത്തിലും അവർ വേഗത്തിൽ ബ്രേക്ക്ഡൌൺ ആവുകയും ഇമോഷണലായി പിടിവിട്ടുപോകുകയും ചെയ്തിട്ടുണ്ട്. ഇതും റിനിക്ക് തിരിച്ചടിയായി എന്നുവേണം കരുതാൻ.

പ്രത്യേകിച്ച് രണ്ടാം ദിവസം നടന്ന സ്പോട്ട് എവിക്ഷനിൽ ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ പേര് റിനിയുടേതായിരുന്നു. എന്നാൽ അതിനെ ഗെയിം സെൻസിൽ കാണാനോ നല്ല നിലയിൽ ഡീൽ ചെയ്യാനോ റിനിക്ക് കഴിഞ്ഞില്ല. പകരം തന്നെ വീടിനകത്തുള്ളവരും ടാർഗെറ്റ് ചെയ്യുകയാണ് എന്ന തരത്തിൽ വിക്‌ടിം കാർഡ് എടുക്കുകയാണ് റിനി ചെയ്തത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗായത്രിയ്ക്ക് പുറത്ത് പോകേണ്ടി വന്നതും. ഇതോടെ പ്രേക്ഷകർക്ക് ഗായത്രി നേരിട്ട അനീതിയുടെ ഒരു കാരണം റിനിയാണെന്ന തോന്നലുണ്ടായി. അത് ഗായത്രിയോട് സിമ്പതി തോന്നാനും റിനിയോട് ദേഷ്യം തോന്നാനും ഇടയാക്കിയിട്ടുണ്ട്.

താൻ വീട്ടിൽ ഒറ്റപ്പെടുകയാണ് എന്ന നിലയിലുള്ള വിക്ടിം ഗെയിം കളിക്കാനാണ് എല്ലാ ഘട്ടത്തിലും റിനി ശ്രമിച്ചത്. പക്ഷേ അതും ഫലപ്രദമായി നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടുമില്ല. രാഹുൽ ഈശ്വറുമായുള്ള അഭിപ്രായ ഭിന്നതകൾ മാറ്റിയത് സമയമെടുത്തായിരുന്നെങ്കിലോ അത് പ്രേക്ഷകർക്ക് കൺവിൻസ്‌ ആകുന്ന തരത്തിൽ ഡീൽ ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ റിനിക്ക് ഒരുപക്ഷെ കുറച്ചുനാൾ കൂടി വീട്ടിൽ തുടരാൻ കഴിഞ്ഞേക്കുമായിരുന്നു. എന്നാൽ അവിടെയും അവർ തന്റെ നിലപാടുകളിൽ പെട്ടാണ് പെട്ടെന്ന് മാറ്റങ്ങൾ വരുത്തിയതും എതിരാളിയെന്ന നിലയിൽ അവർതന്നെ എസ്റ്റാബ്ലിഷ്‌ ചെയ്ത രാഹുലിനോട് പെട്ടന്ന് സന്ധി ചെയ്തതായി തോന്നിപ്പിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോയതും. പക്ഷേ അതേസമയം പുറത്തായശേഷമുള്ള റിനിയുടെ സംസാരം കൂടുതൽ പക്വതയുള്ളതും ക്ലാരിറ്റിയുള്ളതുമായിരുന്നു. ഈ രീതിയിൽ അവർ തുടക്കം മുതൽ സംസാരിച്ചിരുന്നെങ്കിൽ പുറത്താകുമായിരുന്നില്ല എന്നുപോലും പല പ്രേക്ഷകരും അഭിപ്രായപ്പെട്ടു.

പ്രേക്ഷകരുമായി ഒരു കണക്ഷൻ ഉണ്ടാക്കാൻ കഴിയാതെ പോയതും തുടക്കം മുതൽ നെഗറ്റീവ് ഗെയിം കളിയ്ക്കാൻ ശ്രമിച്ചതുമായിരുന്നു റിനി ആൻ ജോർജിന്റെ ബിഗ് ബോസ് വീട്ടിൽനിന്നുള്ള പടിയിറക്കത്തിന് കാരണമായത്. തന്റെ വീക്ക് പോയിന്റുകൾ ആദ്യംതന്നെ എതിരാളികൾക്കുമുന്നിൽ തുറന്നുകാട്ടിയതും അവർക്ക് തിരിച്ചടിയായി. കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും മുന്നോട്ടുപോയിരുന്നെങ്കിൽ റിനി ഒരുപക്ഷേ കൂടുതൽ ദൂരം സഞ്ചരിക്കുമായിരുന്നു. എന്തായാലും രാഹുൽ ഈശ്വർ അടക്കമുള്ള പല മത്സരാർത്ഥികളുടെയും ഗെയ്മിനെ പല രീതിയിലും സ്വാധീനിച്ചിരുന്ന റിനിയുടെ പുറത്താവൽ ഗെയിമിന്റെ ഗതിയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ തന്നെയാണ് സാധ്യത.

YouTube video player