ബിഗ് ബോസ് മലയാളം സീസൺ 7 അവസാന വാരത്തിലേക്ക് കടന്നു. നെവിൻ, ആദില, നൂറ, അക്ബർ, അനീഷ്, അനുമോൾ, സാബുമാൻ എന്നിവരാണ് നിലവില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇതില്‍ ഒരാളോ അതില്‍ കൂടുതല്‍ പേരോ ഇന്ന് എവിക്ട് ആകും.
മൂന്ന് മാസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസൺ 7ന് വിരാമമാകാൻ പോകുകയാണ്. ഇനി ഒരാഴ്ച മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. നെവിൻ, ആദില, നൂറ, അക്ബർ, അനീഷ്, അനുമോൾ, സാബുമാൻ എന്നിവരാണ് നിലവിൽ ഷോയിലുള്ള മത്സരാർത്ഥികൾ. ഇവരിൽ ഒന്നോ അതിൽ കൂടുതൽ പേരോ ഇന്ന് എവിക്ട് ആകും. അതാരാകുമെന്നും ടോപ് 5ൽ എത്തുന്നത് ആരൊക്കെയെന്നും കപ്പടിക്കുന്നത് ആരെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ.
അവസാന വീക്കിലേക്ക് ബിഗ് ബോസ് സീസൺ 7 കടക്കുന്നതിനിടെ ആര് വിജയിക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാർ. അനീഷ് വിജയിക്കില്ലെന്നും വിജയ സാധ്യത കൂടുതൽ നെവിന് ആണെന്നും രജിത്ത് പറയുന്നു. അക്ബർ റണ്ണറപ്പാകുമെന്നും ഇദ്ദേഹം പറയുന്നു. ഇവരിൽ ആര് വിജയിച്ചാലും താൻ ഹാപ്പി ആണെന്നും രജിത്ത് പറയുന്നുണ്ട്.
"അനീഷിനല്ല, നെവിന് ആണ് വിജയ സാധ്യത. നെവിനും അക്ബറും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തും. നെവിൻ വിന്നറും അക്ബർ റണ്ണറപ്പുമായാലും അക്ബർ വിന്നറും നെവിൻ റണ്ണറപ്പുമായാലും ഞാൻ ഹാപ്പിയാണ്. കാരണം അൻപത് ദിവസം കഴിഞ്ഞ ശേഷം ഇവർക്ക് വേണ്ടിയാണ് ഞാൻ വീഡിയോകൾ ചെയ്തിരുന്നത്. ഈ സീസണിലെ മൈന്റ് ഗെയിമർ എന്നത് അക്ബർ ആണ്. അതുകൊണ്ടാണ് അക്ബറിന് ഒരുപാട് പേര് ദോഷം കേൾക്കേണ്ടി വന്നത്", എന്ന് രജിത്ത് കുമാർ ഓൺലൈൻ മാധ്യമങ്ങളോട് പറയുന്നു.
അതേസമയം, ബിഗ് ബോസിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചതിന് നടൻ ആസിഫ് അലി നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നെവിനെയാണ് തനിക്ക് ഇഷ്ടമെന്നാണ് നേരത്തെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്. ഒരു പക്കാ എന്റർടെയ്നർ ആണ് താനെന്ന് ആദ്യം മുതൽ തെളിയിച്ച ആളായിരുന്നു നെവിൻ. എന്നാൽ അങ്ങനെ പറഞ്ഞ പ്രേക്ഷകരെ കൊണ്ടുതന്നെ അരോചകം എന്ന് നെവിൻ പറയിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. എന്തായാലും ആരാകും ബിഗ് ബോസ് സീസൺ 7 കിരീടം ചൂടുകയെന്നത് ഒരാഴ്ചയിൽ അറിയാം.



