ഓഗസ്റ്റ് 24ന് ആയിരുന്നു ബിഗ് ബോസ് ഹിന്ദി സീസൺ 19 ആരംഭിച്ചത്. തുടർച്ചയായി 16-ാം തവണയാണ് സൽമാൻ ഖാൻ ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത്.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ മേഖലകളിലുള്ള ഒരു കൂട്ടം മത്സരാർത്ഥികളെ ഒരു വീട്ടിൽ പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ താമസിപ്പിക്കുന്നു. ഈ ഹൗസിൽ നടക്കുന്ന പലതരം പ്രശ്നങ്ങളും ടാസ്കുകളും പ്രേക്ഷക വോട്ടിങ്ങുമെല്ലാം നേടി മുന്നേറുന്ന ഒരാൾ ബിഗ് ബോസ് ടൈറ്റിൽ വിന്നറാകും. നിലവിൽ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്. സീസൺ 7 ആണ് മലയാളത്തിൽ നടക്കുന്നത്. ഏറ്റവും ജനപ്രീതിയുള്ളതും ഏറ്റവും കൂടുതൽ സീസണുകളും പിന്നിട്ട ബിഗ് ബോസ് ഷോ ഹിന്ദിയുടേതാണ്. സൽമാൻ ഖാൻ ആണ് ഹിന്ദി ബിഗ് ബോസിൽ അവതാരകനായി എത്തുന്നത്.
നിലവിൽ ബിഗ് ബോസ് ഹിന്ദി സീസൺ 19 ആണ് നടക്കുന്നത്. ഇതിനിടെ ഷോ ഇപ്പോൾ നിയമക്കുരുക്കിൽ അകപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ ബിഗ് ബോസ് അധികൃതർക്ക് വക്കീൽ നോട്ടീസ് അയച്ചുവെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. അനുവാദമില്ലാതെ രണ്ട് ഗാനങ്ങൾ ബിഗ് ബോസ് ഷോയിൽ പ്ലേ ചെയ്തതിനാണ് നോട്ടീസ്. പകർപ്പവകാശം ലംഘിച്ചതിന് രണ്ട് കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അഗ്നിപഥിലെ 'ചിക്‌നി ചമേലി', ഗോരി തേരി പ്യാർ മേയിലെ 'ധത് തേരി കി മൈൻ' എന്നി ഗാനങ്ങളാണ് അനുവാദമില്ലാതെ ഷോയിൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. ബിഗ് ബോസ് ഹിന്ദി സീസൺ 19ലെ പതിനൊന്നാമത്തെ എപ്പിസോഡിലായിരുന്നു ഈ ഗാനങ്ങൾ ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് 24ന് ആയിരുന്നു ബിഗ് ബോസ് ഹിന്ദി സീസൺ 19 ആരംഭിച്ചത്. തുടർച്ചയായി 16-ാം തവണയാണ് സൽമാൻ ഖാൻ ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത്. തന്യ മിത്തൽ, അമാൽ മല്ലിക്, കുനിക്ക സദാനന്ദ്, ഗൗരവ് ഖന്ന എന്നിവരാണ് ഷോയിലെ ശ്രദ്ധേയരായ മത്സരാർത്ഥികൾ.



