"നാടിനെക്കുറിച്ചൊക്കെ ഒരുപാട് കഥകള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ കള്ളമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല"

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധിക്കപ്പെട്ട സൌഹൃദ കോമ്പിനേഷനുകളില്‍ ഒന്നായിരുന്നു മിഥുന്‍- റിനോഷ്. എന്നാല്‍ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് റിനോഷിന് ഷോയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നതിനാല്‍ ഇരുവരുടെയും കോമ്പോ ഫിനാലെ വരെ നീണ്ടില്ല. ബിഗ് ബോസിന് പുറത്തേക്കും വലിയ വിവാദമായ മിഥുന്‍ പറഞ്ഞ കഥയ്ക്കു ശേഷവും ഇരുവര്‍ക്കുമിടയിലെ സൌഹൃദത്തിന് മങ്ങലേറ്റിട്ടില്ലായിരുന്നു. മിഥുനെ പിന്തുണയ്ക്കാനാണ് ആ സമയത്തും റിനോഷ് ശ്രമിച്ചിരുന്നത്. ഇപ്പോഴിതാ മിഥുനെക്കുറിച്ചും തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സൌഹൃദത്തെക്കുറിച്ചും പറയുകയാണ് റിനോഷ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് റിനോഷ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.

എപ്പോഴും ന്യായത്തെ മുന്നോട്ട് വച്ചിരുന്ന ഒരു മനുഷ്യനാണ് മിഥുനെന്നും തങ്ങള്‍ ഇത്രയും അടുക്കാന്‍ കാരണവും മറ്റൊന്നല്ലെന്നും റിനോഷ് പറയുന്നു. "മിഥുന്‍ ഇത്തരത്തില്‍ ഒരു കഥ പറഞ്ഞു എന്നതൊന്നും എന്നെ സംബന്ധിച്ച് വലിയ കാര്യമായി കരുതുന്നില്ല. ഇതേ കഥ അവിടവിടെയായി മിഥുന്‍ നേരത്തേതന്നെ ഹൌസില്‍ പറഞ്ഞിരുന്നു. മിഥുന്‍ പറഞ്ഞ കഥയല്ല എനിക്ക് പ്രശ്നമായത്. മറിച്ച് എവിക്റ്റ് ആയതിനുശേഷം തിരിച്ച് ഹൌസില്‍ വന്നിരുന്നല്ലോ. അവിടെ വിശദീകരണവും ക്ഷമയുമൊക്കെ പറഞ്ഞു. തിരിച്ചുപോയപ്പോള്‍ അഖില്‍ മാരാരും ഷിജുവേട്ടനും കൂടി സംസാരിച്ചതിനിടെ മിഥുന്‍ പറഞ്ഞ കഥ റിനോഷ് പറഞ്ഞുകൊടുത്തതാണെന്ന് ഒരു പ്രസ്താവന നടത്തി. പുറത്തെത്തിയ മിഥുന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി ഒരു വീഡിയോ ഇട്ടു. റിനോഷ് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും നിരപരാധിയാണെന്ന് അവന്‍ പറഞ്ഞ്. ഒപ്പം ഒന്നുകൂടി പറഞ്ഞു. അഖിലും ഷിജുവുമൊക്കെ അറിയാതെ പറഞ്ഞതായിരിക്കുമെന്ന്. അവര്‍ പറഞ്ഞത് മോശമാണെന്ന് പറയാനുള്ള ചങ്കൂറ്റം മിഥുന്‍ കാണിച്ചില്ല. അവിടെ മാത്രമാണ് എനിക്ക് പ്രശ്നം തോന്നിയത്. രണ്ട് പേരെയും കൂടെ നിര്‍ത്താന്‍ വേണ്ടിയാവും അങ്ങനെ പറഞ്ഞത്. പക്ഷേ അവിടെ ഞാന്‍ ഒരു ചങ്കൂറ്റത്തിന്‍റെ കുറവ് കണ്ടു. മിഥുനിലുണ്ടായിരുന്ന ഒരു ചങ്കൂറ്റം കൂടിയാണ് ആ മനുഷ്യനോട് എനിക്ക് ഒരു ഇഷ്ടം ഉണ്ടാക്കിയത്", റിനോഷ് പറയുന്നു.

അതേസമയം മിഥുനെതിരെ നടന്ന സൈബര്‍ ആക്രമണം വലുതായിരുന്നുവെന്നും ഒരുപക്ഷേ അതിനെ പ്രതിരോധിക്കാനായി ഏത് മനുഷ്യനും ചെയ്യുന്നതേ മിഥുനും ചെയ്തുള്ളൂവെന്നും റിനോഷ് കൂട്ടിച്ചേര്‍ക്കുന്നു. "അയാള്‍ നല്ല ഒരു മനുഷ്യന്‍ തന്നെയാണ്. ഒരുപാട് നല്ല ഗുണങ്ങള്‍ ഉള്ള ആളാണ്. നാടിനെക്കുറിച്ചൊക്കെ ഒരുപാട് കഥകള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ കള്ളമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല", റിനോഷ് പറഞ്ഞ് അവസാനിപ്പിക്കുന്നു.

ALSO READ : ചെയ്യാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെ? അഖില്‍ മാരാര്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

8 Million subscribers| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്