മോണിംഗ് ആക്റ്റിവിറ്റിക്കിടെയാണ് ഇത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. രണ്ടാഴ്ചകള്‍ക്ക് അപ്പുറം ടൈറ്റില്‍ വിജയിയെ കണ്ടെത്തുന്ന സീസണിലെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. മത്സരങ്ങള്‍ പൊടിപാറുമ്പോഴും മത്സരാര്‍ഥികള്‍ക്കിടയിലുള്ള ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായാലും അത് അധികനാള്‍ മനസില്‍ വച്ചുകൊണ്ടിരിക്കാതെ വേഗത്തില്‍ പറഞ്ഞുതീര്‍ക്കുന്നവരെന്ന് സീസണ്‍ 5 ലെ മത്സരാര്‍ഥികളെക്കുറിച്ച് നേരത്തേ പ്രേക്ഷകാഭിപ്രായമുണ്ട്. മനോഹരമായ പല മുഹൂര്‍ത്തങ്ങളും ഇതിനകം കണ്ട സീസണ്‍ 5 ല്‍ ഇന്നലത്തെ എപ്പിസോഡിലും അത്തരത്തില്‍ ഒന്നുണ്ടായിരുന്നു. പലപ്പോഴും അഭിപ്രായങ്ങളുടെ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കാറുള്ള റിനോഷ് അഖില്‍ മാരാര്‍ക്ക് നല്‍കിയ ഹഗ് ആയിരുന്നു അത്.

ഇവിടുത്തെ ഏതെങ്കിലുമൊരു സഹമത്സരാര്‍ഥിയെ ആദ്യമായി കണ്ട സാങ്കല്‍പികാനുഭവം നര്‍മ്മത്തോടെ അവതരിപ്പിക്കുക എന്നതായിരുന്നു ഇന്നലത്തെ മോണിംഗ് ടാസ്ക്. ഇതില്‍ റിനോഷ് പറഞ്ഞ കഥയില്‍ അഖില്‍ മാരാര്‍, ജുനൈസ്, ശോഭ എന്നിവര്‍ ഉണ്ടായിരുന്നു. ജുനൈസ് നടത്തുന്ന മുണ്ട് കമ്പനിയുടെ പരസ്യ മോഡല്‍ ആവാനുള്ള ഓഡിഷന് പോവുന്ന ഇടത്തുവച്ച് കണ്ടുമുട്ടുന്ന രണ്ടുപേര്‍ ആയാണ് അഖിലിനെയും തന്നെയും റിനോഷ് അവതരിപ്പിച്ചത്. രസകരമായ ഈ കഥയ്ക്കു ശേഷം റിനോഷ് അഖിലിന് മനോഹരമായ ഒരു ആശ്ലേഷവും നല്‍കി. അഖിലും സന്തോഷത്തോടെ ഇത് സ്വീകരിച്ചു. ഇത് കണ്ടിരുന്ന വിഷ്ണുവിന്‍റെ കമന്‍റും പ്രേക്ഷകരില്‍ ചിരി ഉളവാക്കുന്നതായിരുന്നു.

അന്ന്യന്‍ സിനിമയില്‍ പ്രകാശ് രാജ് കഥാപാത്രം പറഞ്ഞ ഡയലോഗ് ആണ് വിഷ്ണു പറഞ്ഞത്- "ശിവാജിയെ പാത്തിറ്ക്ക്, രജനിയെ പാത്തിറ്ക്ക്. ആനാ ഇന്തമാതിരി ഒരു നടികനെ പാത്തതേ ഇല്ലൈ", റിനോഷിനെ ഉദ്ദേശിച്ച് വിഷ്ണു ചിരിയോടെ പറഞ്ഞു. അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളുടെ മൂന്നാം ദിവസമാണ് ഇന്ന്.

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 2 | Firoz Khan