ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ ആര്യന് ലഭിച്ച സീക്രട്ട് ടാസ്‍കിനൊടുവില്‍ ബിഗ് ബോസിന്‍റെ സര്‍പ്രൈസ് റിവീല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശത്തോടെ പുരോഗമിക്കുമ്പോള്‍ ഓരോ ദിവസവും നിരവധി സര്‍പ്രൈസുകളാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമായി ഒരുക്കുന്നത്. അതില്‍ ഏറ്റവും പുതിയത് ഇന്ന് നടന്ന ഒരു സീക്രട്ട് ടാസ്ക് ആയിരുന്നു. അതിനിടെ ഒരു സര്‍പ്രൈസ് എന്‍ട്രി മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചു. ഡാന്‍സ് മാരത്തോണ്‍ ടാസ്കില്‍ വിജയിയായ ആര്യനെയാണ് ഒരു സീക്രട്ട് ടാസ്ക് ഏല്‍പ്പിക്കാനായി ബിഗ് ബോസ് തെരഞ്ഞെടുത്തത്. ബിഗ് ബോസ് അറിയിക്കുന്നത് പ്രകാരം ഒളിപ്പിച്ചുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ആരും കാണാതെ കഴിക്കണം എന്നതായിരുന്നു ആര്യനുള്ള സീക്രട്ട് ടാസ്ക്.

പല റൗണ്ടുകളിലായി നടന്ന ടാസ്കില്‍ പലപ്പോഴായി സംഘാംഗങ്ങളെയും ആര്യന്‍ കണ്ടെത്തേണ്ടിയിരുന്നു. ഇതനുസരിച്ച് അക്ബര്‍, സാബുമാന്‍, ലക്ഷ്മി, ബിന്നി എന്നിവരും ടാസ്കിന്‍റെ ഭാഗമായി. എന്നാല്‍ ഷാനവാസിനെ ദൗത്യത്തിലേക്ക് ക്ഷണിച്ചെങ്കിലും ഗെയിം മനസിലാവാതിരുന്ന ഷാനവാസ് സമയം നീങ്ങവെ ഗെയിം പൊളിക്കുന്ന ആളായും മാറി. മൂന്ന് റൗണ്ടുകള്‍ ജയിച്ച് മുന്നേറിയ ആര്യനും ടീമിനും നാലാമത്തെ റൗണ്ടില്‍ ഒളിപ്പിച്ചുവച്ച ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ഒരു മനുഷ്യനെയും ഒളിപ്പിക്കേണ്ടിയിരുന്നു.

ആക്റ്റിവിറ്റി ഏരിയയിലാണ് ബിരിയാണിക്കൊപ്പം മുഖം മറച്ച ഒരാളും ഉണ്ടായിരുന്നത്. ആര്യനും അക്ബറും ചേര്‍ന്ന് ആര്യന്‍റെ വസ്ത്രം ധരിപ്പിച്ച് ഇയാളെ ആദ്യം സ്മോക്കിംഗ് ഏരിയയില്‍ കൊണ്ടുനിര്‍ത്തി. ഏന്നാല്‍ ഏറെ നേരം ഒരേ സ്ഥലത്ത് അയാളെ നിര്‍ത്താനാവില്ലെന്ന് ബിഗ് ബോസ് പറഞ്ഞതോടെ അക്ബര്‍ അയാളെ വാഷ്റൂമിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇത് അനുമോള്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ വാഷ്റൂമില്‍ കയറി വാതില്‍ അടച്ചതിന് പിന്നാലെ അനുമോള്‍ ആദിലയ്ക്കൊപ്പം വാഷ്‍റൂമിന് പുറത്തെത്തുകയും അവിടെ ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ ഷാനവാസും നൂറയും അവിടേയ്ക്ക് എത്തി.

ഗത്യന്തരമില്ലാതെ ഉള്ളിലൊളിച്ച ആള്‍ക്ക് പുറത്തേക്ക് ഇറങ്ങേണ്ടിവന്നു. ഷാനവാസും ആദിലയും നൂറയും അനുമോളും ചേര്‍ന്ന് ഇയാള്‍ ഒളിപ്പിച്ചുവച്ച സ്വന്തം മുഖം വെളിവാക്കാന്‍ ശ്രമിച്ചു. എല്ലാവരെയും ഞെട്ടിക്കുന്ന എന്‍ട്രി ആയിരുന്നു അത്. ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയായ സാബുമോന്‍ അബ്ദുസമദിനെയാണ് ഈ സീക്രട്ട് ടാസ്കിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കയറ്റി വിട്ടിരിക്കുന്നത്. സീക്രട്ട് ടാസ്ക് ചെയ്ത ആര്യനും സംഘത്തിനും അടക്കം സര്‍പ്രൈസ് ആയിരുന്നു ഇത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്