ബിഗ് ബോസ് മൂന്നാം സീസണിന് തുടക്കം, മത്സരാര്‍ഥിയായി സായ് വിഷ്‍ണു 

ബിഗ് ബോസ് മലയാളം സീസണ്‍ 3ലേക്ക് എത്തുന്ന 'പുതുമുഖം' എന്നു വിളിക്കാവുന്ന മത്സരാര്‍ഥിയാണ് സായ് വിഷ്‍ണു. സിനിമാ നടന്‍ ആവുകയെന്നതാണ് സായ്‍യുടെ ആഗ്രഹം. ആ മേഖലയില്‍ ഉയരങ്ങളിലെത്തണമെന്നും ഈ ചെറുപ്പക്കാരന്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഏത് പ്രതികൂല സാഹചര്യത്തെയും വെല്ലുവിളിക്കാന്‍ തയ്യാറാണെന്നും സായ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

"സിനിമാനടന്‍ ആവണമെന്ന ആഗ്രഹത്തോടെയാവണം ഞാന്‍ ജനിച്ചത്. പണ്ട് ക്ലാസില്‍ ടീച്ചര്‍ ആരാവണമെന്ന് ചോദിക്കുമ്പോഴേ സിനിമാനടന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പരിശ്രമിച്ചിട്ടും ഇതുവരെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയിട്ടില്ല. ബിഗ് ബോസ് അതിലേക്കുള്ള ഒരു വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ", സായ് വിഷ്‍ണു പറയുന്നു.

ഒരു അഭിനേതാവ് ആവുക എന്നതു മാത്രമല്ല സായ്‍യുടെ സ്വപ്നം ലോകപ്രശസ്തമായ കാന്‍, ഓസ്‍കര്‍ വേദികളില്‍ എന്നെങ്കിലുമൊരിക്കല്‍ മികച്ച നടനുള്ള പുരസ്കാരം നേടുക എന്നതുകൂടിയാണ്. ഈ ആഗ്രഹങ്ങള്‍ കൈയില്‍ പച്ച കുത്തിയിട്ടുമുണ്ട് ഈ കലാകാരന്‍. വീഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിട്ടുള്ള സായ് ചില വെബ് സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്.