ബി​ഗ് ബോസ് സീസൺ 3 ഉദ്യോ​ഗമായ നിമിഷങ്ങളിലൂടെയും കണ്ണുകള്‍ നനയിക്കും മുന്നോട്ട് പോകുകയാണ്. ഈ സീസണിലെ 'പുതുമുഖം' എന്നു വിളിക്കാവുന്ന മത്സരാര്‍ഥിയാണ് സായ് വിഷ്‍ണു. സിനിമാ നടന്‍ ആവുകയെന്നതാണ് സായ്‍യുടെ ആഗ്രഹം. ആ മേഖലയില്‍ ഉയരങ്ങളിലെത്തണമെന്നും ഈ ചെറുപ്പക്കാരന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴിതാ വീക്കിലി ടാസ്ക്കിൽ ബി​ഗ് ബോസ് നൽകിയ വീട് എന്ന ഓപ്ഷനെ പറ്റി മനസ്സ് തുറക്കുകയാണ് സായ്. തന്റെ ഏറ്റവും വലിയൊരു സ്വപ്നമാണ് നല്ലൊരു വീടെന്നതെന്ന് സായ് പറയുന്നു. 

ജനിച്ചിട്ട് ഇന്ന് വരെ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല, അതിന് ഒരു കാരണം വീടാണ്. ഇങ്ങോട്ട് വരുന്ന തലേദിവസം വരെ തലയിണയുടെ അടിയില്‍ പിച്ചാത്തിയും വാതിലിൽ ഗ്യാസ് സിലിണ്ടറും വച്ച് അടച്ചാണ് കിടന്നത്. എനിക്ക് നല്ല വീട് ഇല്ല. അമ്മയും അനിയത്തിയും ഉണ്ട്. പക്ഷേ പുറത്ത് ഷീറ്റ് വച്ച് മറച്ചൊരു ബാത്ത്റൂമിലാണ് അവർ കുളിക്കുന്നത്. അവര്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ അരെങ്കിലും ഉണ്ടോ എന്നൊക്കെ നോക്കിയതിന് ശേഷമേ, അവരെ കുളിക്കാനിറക്കു. എന്‍റെ വലിയൊരു പ്രശ്നമാണ് വീട്. ആദ്യമൊക്കെ ജോയിന്റ് ഫാമിലിയിലാണ് താമസിച്ചത്. 

അച്ഛനാണെങ്കില്‍ ഭയങ്കര പാവമാണ്. അതുകൊണ്ട് റെസ്പോന്‍സിബിലിറ്റികളൊന്നും അന്നൊന്നും അച്ഛന്‍ ഏറ്റെടുക്കത്തില്ല. ഒരു സമയം വരെ അമ്മയായിരുന്നു അച്ഛന്‍റെ റോളുകൂടി ചെയ്തത്. അപ്പോഴെക്കെ ഞാന്‍ പഠിക്കുന്ന സമയമായിരുന്നു. ഞങ്ങള്‍ വാടകയ്ക്ക് പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടാകുമെന്ന്. ഇപ്പോള്‍ എന്‍റെ അനിയത്തി ഒരു ആവശ്യം പറഞ്ഞാല്‍ ഞാന്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും കേരളം മുഴുവന്‍ തെരയും.

അച്ഛന് 2500രൂപയാണ് അന്ന് ശമ്പളം. അതില്‍ 1000രൂപ എടുത്ത് വീട്ടില്‍ കൊടുത്താ പിന്നെ ഒന്നും ഇല്ല. അങ്ങനെയിരിക്കെ അച്ഛന്‍റെ സ്ഥലം ഇഷ്ട ദാനമായി കിട്ടി. ഞങ്ങളൊരു ഒറ്റമുറി ഷെഡ് വച്ചു. അതില്‍ തന്നെ പഠിത്തവും അടുക്കളയും എല്ലാം. അങ്ങനെ ഇഎംഎസ് ഭവന പദ്ധതിയില്‍ 75000കിട്ടി അതുണ്ട് തറകെട്ടി. കെട്ടി പൊക്കിയപ്പോഴേക്കും ഞങ്ങടെ കയ്യിലെ കാശ് തീര്‍ന്നു. കടം വാങ്ങാനും ഇനി ആരുമില്ല. അനിയത്തി വലുതായി വന്നപ്പോഴാണ്, ജിഷയുടെ കേസ് വന്നത്. അത് കേട്ടപ്പോ സത്യത്തില്‍ ഞാന്‍ കിടുങ്ങി പോയി. അങ്ങനെ ഷെഡ്ഡില്‍ നിന്ന് പണി പൂര്‍ത്തിയാക്കാത്ത വീട്ടിലേക്ക് കേറി. അനിയത്തിക്ക് ഫുള്‍ എ പ്ലസ് കിട്ടിയപ്പോ കസിന്‍സ് ഒരു ഫോണ്‍ വാങ്ങിക്കൊടുത്തു. 

ബിഗ് ബോസ് പോലും അച്ഛനും അമ്മയും കാണുന്നുണ്ടാകില്ല. കാരണം വീട്ടില്‍ ടിവിയില്ല. ഇവിടെ നിക്കുമ്പോഴും സമാധാനത്തോടെയല്ല ഞാന്‍ കഴിയുന്നത്. വീട്ടുകാർ അങ്ങനെ ഒരു സാഹചര്യത്തിൽ കഴിയുമ്പോ എനിക്ക് ഈ സുഖ സൗകര്യങ്ങളൊന്നും പറ്റുന്നില്ല. ഞാന്‍ എന്ത് വാങ്ങിയാലും അത് വീട്ടുകാര്‍ക്കും കൂടിയാണ് വാങ്ങിക്കാറുള്ളത്. അവര്‍ക്ക് കിട്ടാത്തത് എനിക്ക് കിട്ടുമ്പോ പ്രാന്താകും. കാരണം അവര്‍ക്കില്ലാത്തതൊന്നും എനിക്ക് വേണ്ട. ഞാന്‍ എഞ്ചിനിയറിംഗിന് പഠിക്കുമ്പോ അമ്മയ്ക്ക് ഹാര്‍ട്ടിന് ഒരു ഓപ്റേഷന്‍ വേണ്ടി വന്നു. അന്ന് മുതലാണ് ഞാന്‍ ജോലിക്ക് ഇറങ്ങിയത്. 

അന്യായം എന്ന് കണ്ടാല്‍ എനിക്ക് ചോദിക്കാതിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ബന്ധുക്കളായിട്ടൊന്നും ഞാന്‍ റിലേഷനിൽ ഇല്ല. പിന്നെ വീട് പണിയാന്‍ എടുത്ത ലോണിന് ജപ്തി വന്നു. അത് വരുമ്പോ എനിക്ക് എങ്ങനെങ്കിലും കൊണ്ട് അടക്കും. ഇപ്പഴും ജപ്തി നടക്കുകയാണ്. കുറേ പേര്‍ എന്നെ ചതിച്ചു. എന്‍റെ കൂടെ ആരും ഇല്ല. 

ഞങ്ങളെ വീട് കളിയാക്കി പുത്തന്‍ ചിറ പാലസ് എന്നാണ് എല്ലാരും വിളിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ എനിക്കൊരു കൊട്ടാരം വയ്ക്കണം. എന്‍റെ സ്വപ്നങ്ങള്‍ക്കൊന്നും ഒരു പരിധിയിയും ഇല്ല. ഈ ഇല്ലായ്മകളാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഞങ്ങളാണ് കുക്ക് ചെയ്യുന്നത്. അതുകൊണ്ടാകും ഇവിടെ വന്നും ഞാന്‍ അടുക്കളയില്‍ നിന്ന് മാറാത്തത്. എന്തായാലും എനിക്കൊരു സിനിമാ നടനാകണം. അമ്മയുടെ ആ​ഗ്രഹവും അതാണ്.