ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ച് പുറത്തുപോകുമ്പോഴും ബി​ഗ് ബോസ് വീട്ടിലെ പല അനുഭവങ്ങളും പാഠങ്ങളാക്കുകയാണ് ശാലിനി.

തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് മലയാളം(Bigg Boss Malayalam) സീസൺ നാല് ആരംഭിച്ചത്. ഷോ തുടങ്ങി മൂന്നാം ദിവസം മുതൽ തന്നെ അക്കാര്യം പ്രേക്ഷകർക്കും മനസ്സിലായി. പതിനേഴ് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ നിന്നും രണ്ട് പേരാണ് പടിയിറങ്ങിയത്. ആദ്യം എലിമിനേറ്റ് ആയത് ജാനകിയും രണ്ടാമത് ശാലിനിയും. ഏറെ പ്രതീക്ഷകളുമായി ബി​ഗ് ബോസ് പടി ചവിട്ടിയ ശാലിനിയുടെ എവിക്ഷൻ അപ്രതീക്ഷിതമായിരുന്നു. ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ച് പുറത്തുപോകുമ്പോഴും ബി​ഗ് ബോസ് വീട്ടിലെ പല അനുഭവങ്ങളും പാഠങ്ങളാക്കുകയാണ് ശാലിനി. ദുഃഖപുത്രി ഇമേജ് തന്റെമേൽ ആദ്യം മുതൽ തന്നെ വീട്ടിലെ പലരും അടിച്ചേൽപ്പിച്ചുവെന്ന് പറയുകയാണ് ശാലിനി. എവിക്ട് ആയതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കവെ ആയിരുന്നു ശാലിനിയുടെ തുറന്നുപറച്ചിൽ. 

ശാലിനിയുടെ വാക്കുകൾ

"ദുഃഖപുത്രി ഇമേജ് ആദ്യം തന്നെ അവര്‍ തന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ബാലാമണിയെന്നും ദുഖപുത്രിയെന്നും ഇമോഷണലി വീക്ക് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ആദ്യമേ തന്‍റെ മേല്‍ ചാര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. താന്‍ ഇമോഷണലി വീക്ക് ആണെന്ന് ആദ്യം പറഞ്ഞതും പിന്നീട് അവസാനം വരെ അത് ആവര്‍ത്തിച്ചിരുന്നതും ധന്യയാണ്. അങ്ങനെ അല്ല എന്ന് എപ്പോഴും പറഞ്ഞിട്ടും അതിന് മാറ്റമുണ്ടായില്ല.

പലരും എന്തിനാണ് കരഞ്ഞു കൊണ്ടിരിക്കുന്നതെന്ന് പലപ്പോഴും വന്ന് ചോദിച്ചിരുന്നു. മുഖം ഇങ്ങനെയാണ് എന്ന് പറഞ്ഞിട്ടും അവര് മനസിലാക്കിയില്ല. പിന്നീട്, കണ്ണൊക്കെ എഴുതി നടക്കാന്‍ തുടങ്ങിയത് അതിന് ഒരു മാറ്റം വരുത്താന്‍ വേണ്ടിയാണ്. സ്ഥായിയായ ഭാവം ഇതാണെന്ന് പറഞ്ഞിട്ടും 'ബാലാമണി' എന്ന ടാഗ് നല്‍കി അവര്‍ അവിടെ ഇരുത്തുകയായിരുന്നു. ഇത്രയും വേഗം പുറത്ത് പോകാനുള്ള കാരണവും അത് തന്നെയാണ്. ശാലിനിയെ ഇനി വളര്‍ത്തരുത്, കൊഞ്ചിക്കരുത്, ഒക്കെ നിര്‍ത്തണമെന്ന് മൂന്ന് പേര്‍ ചേര്‍ന്ന് സംസാരിച്ചിരുന്നു. അത് വളരെ ഞെട്ടിച്ചെന്നും പ്രതീക്ഷിക്കാത്തവര്‍ അതില്‍ ഉള്‍പ്പെട്ടത് സങ്കടകരമായെന്നും ശാലിനി പറഞ്ഞു. ദുഖപുത്രിയാക്കി മാറ്റിനിര്‍ത്തിയ... വേരില്‍ തന്നെ ചൂടുവെള്ളം ഒഴിച്ചവര്‍ അവിടെയുണ്ട്."

അഭിമുഖം പൂര്‍ണ്ണമായി വായിക്കാം: 'ആ മുഖംമൂടി വലിച്ച് കീറാൻ സാധിച്ചില്ല', ബിഗ് ബോസ് താരം ശാലിനിയുമായി അഭിമുഖം

ബി​ഗ് ബോസ് വീടിനുള്ളിൽ ഫേക്ക് സ്മൈലുകൾ ഉണ്ടെന്നും താൻ അത് മനസ്സിലാക്കിയെന്നും ശാലിനി കൂട്ടിച്ചേർക്കുന്നു. വീട്ടിനുള്ളില്‍ നെഗറ്റീവ് ആയിട്ടുള്ളവരും പോസിറ്റീവ് ആയിട്ടുള്ളവരും ഉണ്ട്. അവരുടെ പേര് എടുത്ത് പറയാന്‍ സാധിക്കില്ല. അവിടെ ചില ഫേക്ക് സ്മൈലുകള്‍ ഉണ്ടായിരുന്നു. അത് തിരിച്ചറിയാന്‍ സാധിച്ചു. തനിക്ക് അത് മനസിലായി എന്ന് അവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശാലിനി പറയുന്നു. അവിടെ റിയലായും ഫേക്ക് ആയതുമായ ആളുകളുണ്ട്. ഫേക്ക് ആയ ആളുടെ പേര് അവര് ഒരു സ്ത്രീ ആയത് കൊണ്ട് മാത്രം പറയുന്നില്ല. ഫേക്ക് സ്മൈലാണ് ഇങ്ങനെ പറയാന്‍ കാരണം. അവര് അറിയാതെ തന്നെ ഇക്കാര്യം മനസിലാക്കാന്‍ സാധിച്ചിരുന്നു. ലാലേട്ടനോട് സംസാരിക്കുമ്പോള്‍ പോലും അവരുടെ ചിരി ഫേക്ക് ആണെന്നും ശാലിനി പറഞ്ഞു.