ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫിനാലെയില്‍ ഹൗസില്‍ നിന്നുള്ള അവസാന എവിക്ഷന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ് 

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ടോപ്പ് 5 ല്‍ നിന്ന് മൂന്നാമത്തെ മത്സരാര്‍ഥിയും പുറത്തായി. ഇനി രണ്ട് പേരില്‍ നിന്ന് ഒരാളുടെ കൈ ഫിനാലെ വേദിയില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ ഉയര്‍ത്തും. ഇന്നലെ ഫൈനല്‍ 6 ല്‍ നിന്ന് നൂറ എവിക്റ്റ് ആയതിന് ശേഷം അക്ബര്‍, ഷാനവാസ്, അനീഷ്, അനുമോള്‍, നെവിന്‍ എന്നിവരാണ് ടോപ്പ് 5 ല്‍ ഉണ്ടായിരുന്നത്. ഇതില്‍ അക്ബര്‍, നെവിന്‍ എന്നിവര്‍ ടോപ്പ് 5 ല്‍ നിന്ന് ആദ്യം പുറത്തായിരുന്നു.

സിംപിള്‍ പക്ഷേ ക്ലാസി ആയിട്ട് ആയിരുന്നു സെക്കന്‍ഡ് റണ്ണറപ്പിനെ പ്രഖ്യാപിക്കുന്ന ബി​ഗ് ബോസിന്‍റെ എവിക്ഷന്‍. ഷാനവാസ്, അനുമോള്‍, അനീഷ് എന്നിവര്‍ ആയിരുന്നു സീസണ്‍ 7 ലെ ടോപ്പ് 3. ഇവരോട് ​ഗാര്‍ഡന്‍ ഏരിയയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടായിരുന്നു ബി​ഗ് ബോസിന്‍റെ പ്രഖ്യാപനം. മൂന്ന് പേര്‍ക്കും ത്രികോണാകൃതിയുടെ മൂന്ന് ഭാ​ഗങ്ങളിലായി നില്‍ക്കാന്‍ ഇടം നല്‍കിയിട്ട് മുന്നിലെ കത്ത് തുറന്ന് നോക്കാന്‍ ബി​ഗ് ബോസ് ആവശ്യപ്പെട്ടു. പിന്നീട് ഓരോരുത്തരോടും അതില്‍ എഴുതിയിരിക്കുന്നത് ഉറക്കെ പറയാനും. ആദ്യം ഷാനവാസിനോടാണ് ബി​ഗ് ബോസ് അത് ആവശ്യപ്പെട്ടത്. അനുമോള്‍ ടോപ്പ് 2 ല്‍ എത്തിയിരിക്കുന്നു എന്നതായിരുന്നു ഷാനവാസിന്‍റെ ലെറ്ററില്‍. അത് ഷാനവാസ് വായിച്ചു. പിന്നീട് അനീഷിനോടാണ് കത്ത് വായിക്കാന്‍ ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. ഷാനവാസ് എവിക്റ്റഡ് എന്നായിരുന്നു കത്തില്‍. അങ്ങനെ അനുമോള്‍, അനീഷ് എന്നിവരില്‍ നിന്നാണ് സീസണ്‍ 7 ടൈറ്റില്‍ വിജയി എന്ന് ഉറപ്പായി.

ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഷാനവസ്. സീരിയലുകളിലെ ജനപ്രിയ താരം ആയതിനാല്‍ ഷാനവാസിന്‍റെ ബിഗ് ബോസിലെ പ്രകടനം കാണാനായി കാത്തിരുന്ന ഒരു വലിയ വിഭാഗം ആരാധകര്‍ ഉണ്ടായിരുന്നു. മാസ് ഡയലോഗുകളും പ്രശ്നങ്ങളിലെ ഇടപെടലുകളുമൊക്കെയായി ഹൗസിനുള്ളില്‍ കളം പിടിക്കാന്‍ ഷാനവാസ് ആദ്യം മുതലേ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാനവാസ് സീരിയലിലെ ഏറെ കൈയടി നേടിയ തന്‍റെ കഥാപാത്രത്തെ പുനരാവവിഷ്കരിക്കാനാണ് ബിഗ് ബോസില്‍ ശ്രമിക്കുന്നതെന്ന് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടായി.

ബിഗ് ബോസ് ആര്യന് നല്‍കിയ ഒരു സീക്രട്ട് ടാസ്ക് പൊളിയാന്‍ കാരണം ഷാനവാസ് ആയിരുന്നുവെന്ന് ബിഗ് ബോസ് തന്നെ പറയുന്ന ഒരു സാഹചര്യവും ഉണ്ടായി. ഒരിക്കല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഷാനവാസ് കുഴഞ്ഞുവീഴുന്നതിനും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും നല്ല ഗെയിം സ്പിരിറ്റോടെ നില്‍ക്കുന്ന, ഏത് വീഴ്ചയില്‍ നിന്നും തിരിച്ചുവരുന്ന ഒരു ബിഗ് ബോസ് മത്സരാര്‍ഥിയെ പ്രേക്ഷകര്‍ എപ്പോഴും ഷാനവാസില്‍ കണ്ടു. അദ്ദേഹത്തെ ഫിനാലെ ദിനം വരെ ഹൗസില്‍ നിര്‍ത്തിയതും ആ ജനപ്രീതി തന്നെ. അതേസമയം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കപ്പെടുന്ന ഗ്രാന്‍ഡ് ഫിനാലെ വിജയിയെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്