അനുമോളുടെ അമ്മയും സഹോദരിയും ബിഗ് ബോസ് ഹൗസില്‍ എത്തി. അച്ഛന് വരാൻ പറ്റത്തതില്‍ വിഷമിക്കേണ്ടെന്നും താൻ ഇനി കരയില്ലെന്നും ക്യാമറയിൽ നോക്കി അച്ഛനോടായി അനു പറയുന്നുണ്ടായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയ മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. ഷോ തുടങ്ങിയതു മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അനുമോൾക്ക് ആരാധകരും ധാരാളമാണ്. പ്രത്യേകിച്ച് മിനിസ്ക്രീൻ പ്രേക്ഷകർ. ബിഗ് ബോസ് ഷോ അതിന്റെ അൻപത്തി ഒൻപത് ദിവസം പിന്നിടുമ്പോൾ അനുമോളുടെ അമ്മയും സഹോദരിയും ഹൗസിനുള്ളിൽ എത്തിയിരിക്കുകയാണ്. ഫാമിലി വീക്കുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും ബിഗ് ബോസ് എൻട്രി.
പാട്ടുകേട്ടപ്പോൾ പ്രധാന വാതിലിന് അരികിലേക്ക് ഓടി എത്തിയ അനുമോൾ ഏറെ പ്രതീക്ഷയോടെയാണ് വീട്ടുകാരെ കാത്തിരുന്നത്. എന്നാൽ അനുമോളെ ടാസ്ക് റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിക്കുകയായിരുന്നു. ടാസ്ക് നൽകിയ ശേഷമായിരുന്നു അനുമോളുടെ വീട്ടുകാരെ ഹൗസിനുള്ളിലേക്ക് കയറ്റിയത്. വീട്ടിലെത്തിയ അനുമോളുടെ അമ്മ എല്ലാവരേയും സ്നേഹത്തോടെ കെട്ടിപിടിച്ച് കരയുന്നുണ്ടായിരുന്നു. ടാസ്ക് പൂർത്തിയാക്കി പുറത്തുവന്ന അനുമോൾ ഇരുവരേയും കെട്ടിപിടിച്ചും ഉമ്മ നൽകിയും സ്നേഹം പങ്കിടുന്നുണ്ടായിരുന്നു.
ഷോയിൽ കരയരുതെന്നാണ് അമ്മ, അനുമോൾക്ക് നൽകിയ ഉപദേശം. "ഇനി കരയില്ല. ഞാൻ എപ്പോഴും കരയുന്ന ആളല്ലേ. അത് ഈ 3 മാസം കൊണ്ട് മാറ്റാൻ പറ്റോ. അമ്മയല്ലേ എപ്പോഴും കരയുന്നത്. അമ്മയും അച്ഛനും അങ്ങനെ തന്നെ", എന്ന് അനുമോൾ പറയുന്നുണ്ട്. ഏതൊക്കെ രീതിയിൽ തളർത്താൻ നോക്കിയാലും മിടുക്കിയായി നിന്ന് കളിക്കണമെന്നാണ് ചേച്ചി സഹോദരിയോട് പറഞ്ഞത്. ഒടുവിൽ പോകാൻ നേരം 100 ദിവസം നിന്ന് കപ്പുമായിട്ട് വരണമെന്നും ചേച്ചി, അനുമോളോട് പറയുന്നുണ്ട്. അച്ഛന് വരാൻ പറ്റതിൽ വിഷമിക്കേണ്ടെന്നും താൻ ഇനി കരയില്ലെന്നും ക്യാമറയിൽ നോക്കി അനു പറയുന്നുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് എല്ലാവരും ഇരുവരെയും യാത്രയാക്കിയത്.



