ഈ വാരം നടന്ന ഹോട്ടല്‍ ടാസ്കിനിടെ റസ്മിനും ജാസ്മിനുമിടയില്‍ ഒരു സംഘര്‍ഷം ഉടലെടുത്തിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ പത്താം വാരത്തിലേക്ക് കടക്കുകയാണ് നാളെ. അഞ്ച് ആഴ്ചകള്‍ക്കകം ഈ സീസണിലെ ടൈറ്റില്‍ വിജയി ആരെന്ന് അറിയാം. ഷോ അന്തിമഘട്ടത്തിലേക്ക് കടന്നതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ മത്സരാവേശം ഉച്ചസ്ഥായിയിലാണ്. അഭിപ്രായവ്യത്യാസങ്ങള്‍ വലിയ തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നത് എപ്പോഴാണെന്ന് പറയാനാവാത്ത അവസ്ഥ. ഇപ്പോഴിതാ, ഹോട്ടല്‍ ടാസ്കിനിടെ ഉണ്ടായ അവിചാരിത സംഭവത്തില്‍ മത്സരാര്‍ഥിയായ റസ്മിന് എതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നാണ് ബിഗ് ബോസ് നല്‍കുന്ന സൂചന.

ഈ വാരം നടന്ന ഹോട്ടല്‍ ടാസ്കിനിടെ റസ്മിനും ജാസ്മിനുമിടയില്‍ ഒരു സംഘര്‍ഷം ഉടലെടുത്തിരുന്നു. ടാസ്കില്‍ ഒരു സമയത്ത് ജാസ്മിന്‍ ഒരു റോബോട്ടിന്‍റെ വേഷമാണ് അവതരിപ്പിച്ചിരുന്നത്. അതിഥിയായി എത്തിയ ശ്വേത മേനോന്‍ പറഞ്ഞതനുസരിച്ച് നൃത്തം അവതരിപ്പിക്കുന്നത് കാണാന്‍ ജാസ്മിന്‍ എല്ലാ സഹമത്സരാര്‍ഥികളെയും ക്ഷണിച്ചെങ്കിലും പവര്‍ ടീം അത് സ്വീകരിച്ചില്ല. പവര്‍ ടീമിന്‍റെ ഭാഗമായ റസ്മിന്‍ ഈ സമയം അടുക്കളജോലിയില്‍ ആയിരുന്നു. തന്‍റെ ക്ഷണം സ്വീകരിക്കാതെ നില്‍ക്കുകയായിരുന്ന റസ്മിന് മുന്നിലെ ഗ്യാസ് അടുപ്പ് റോബോട്ടിന്‍റെ കഥാപാത്രം ചെയ്യുകയായിരുന്നു ജാസ്മിന്‍ ഓഫ് ചെയ്തു. ഇതില്‍ പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ പിടിച്ച് തള്ളുകയായിരുന്നു. കുറച്ച് സെക്കന്‍റുകള്‍ ബലപ്രയോഗം നടന്നു. 

തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റില്‍ സങ്കടപ്പെടുന്ന റസ്മിനെയും പ്രേക്ഷകര്‍ കണ്ടു. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന പ്രൊമോയില്‍ റസ്മിനെതിരെ മോഹന്‍ലാലിനോട് പരാതിപ്പെടുന്ന സിജോയെ കാണാം. മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ഉത്തരമായി ജാസ്മിന്‍റെ ഭാഗത്ത് താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും റസ്മിന്‍റെ ഭാഗത്താണ് തെറ്റെന്ന് പറയുന്ന അര്‍ജുനെയും കാണാം. സംഭവത്തില്‍ റസ്മിനെതിരെ ബിഗ് ബോസ് എടുക്കുന്ന നടപടി എന്താണെന്ന് അറിയാനുള്ള കൌതുകത്തിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.

ALSO READ : 'ആവേശ'ത്തിന് പിന്നാലെ 'ജയ് ഗണേഷും' ഒടിടിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം