ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഈയാഴ്ചയിലെ വീക്കെന്‍ഡ് ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. മത്സരാര്‍ഥികളുടെ കളി കയ്യാങ്കളിയിലേക്ക് എത്തിയതിനെത്തുടര്‍ന്നായിരുന്നു അത്. മത്സരത്തിനിടെ സായ് തന്നെ മര്‍ദിച്ചുവെന്ന സജിനയുടെ പരാതിയെത്തുടര്‍ന്ന് ബിഗ് ബോസ് വീഡിയോ വിശദമായി പരിശോധിക്കുകയും ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്‍തിരുന്നു. പിന്നാലെ ടാസ്‍ക് റദ്ദാക്കുകയാണെന്ന അറിയിപ്പും വന്നു. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞയാഴ്ച മോശം പ്രകടനം നടത്തിയ രണ്ട് മത്സരാര്‍ഥികളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബിഗ് ബോസ്.

പോയ വാരത്തിലെ ആകെ പ്രകടവും വീക്കെന്‍ഡ് ടാസ്‍കിലെ പ്രകടനവും പരിഗണിച്ചാണ് ജയിലിലേക്ക് അയക്കാന്‍ രണ്ട് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പറയാറ്. അതുപ്രകാരം എല്ലാവരും ചേര്‍ന്ന് ഇന്ന് തിരഞ്ഞെടുത്തത് സൂര്യയെയും മിഷേലിനെയുമാണ്. എന്നാല്‍ ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂര്യ സ്വീകരിച്ചത്. താന്‍ ഇങ്ങനെയാണെന്നും ആക്ടീവ് ആവാതെ ഇരുന്നിട്ടില്ലെന്നും സൂര്യ പറയുന്നുണ്ടായിരുന്നു. ഇവിടെ ബഹളം വെക്കുന്നവര്‍ക്കു മാത്രമാണ് സ്ഥാനമെന്നും കരച്ചിലിനിടെ സൂര്യ പറഞ്ഞു. പ്രഖ്യാപനം വന്നയുടനെ ഹാളില്‍ നിന്ന് ബെഡ് റൂമിലേക്ക് പോയ സൂര്യയെ ഡിംപല്‍, മണിക്കുട്ടന്‍ എന്നിവര്‍ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

 

കഴിഞ്ഞയാഴ്ചയാണ് ബിഗ് ബോസിലെ ജയില്‍ തുറന്നത്. കിടിലം ഫിറോസും സായ് വിഷ്‍ണുവുമായിരുന്നു ആദ്യത്തെ 'ജയില്‍ പുള്ളികള്‍'. ടാസ്‍ക് റദ്ദാക്കാന്‍ കാരണക്കാരനായി എന്ന വിലയിരുത്തലില്‍ സായ് വിഷ്‍ണു സ്വയം നോമിനേറ്റ് ചെയ്‍തിരുന്നു. അതുപോലെതന്നെ ഫിറോസും സജിനയും. എന്നാല്‍ ജയിലിലേക്കുള്ള നോമിനേഷനുകള്‍ കൂടുതല്‍ ലഭിച്ചത് മിഷേലിനും സൂര്യക്കും ആയിരുന്നു.