വൈല്‍ഡ് കാര്‍ഡ് ആയാണ് ജിഷിന്‍ ബിഗ് ബോസില്‍ എത്തിയിരിക്കുന്നത്

വർഷങ്ങളായി ബിഗ്ബോസ് മലയാളത്തിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നൊരു പേരാണ് നടൻ ജിഷിൻ മോഹന്റേത്. ബിഗ്ബോസിൽ പങ്കെടുക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ജിഷിൻ തന്നെ പല തവണ പറയുകയും ചെയ്തിരുന്നു. ഒടുവിലിപ്പോൾ ഏഴാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി ജിഷിൻ എത്തിയിരിക്കുകയാണ്.

ബാങ്കിലെ ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക്

സൂപ്പർഹിറ്റ് മലയാളം സീരിയൽ ഓട്ടോഗ്രാഫിലൂടെയാണ് ജിഷിൻ മോഹൻ അഭിനയ രംഗത്തേത്ത് എത്തുന്നത്. വില്ലൻ വേഷമായിരുന്നു ജിഷിന് ഈ സീരിയലിൽ. സ്ഥിരതയുള്ള ബാങ്കിങ്ങ് ജോലി ഉപേക്ഷിച്ചാണ് താൻ അഭിനയിക്കാൻ എത്തിയതെന്ന് ജിഷിൻ തന്നെ മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ക്രീനിലെ വില്ലൻ

ഓട്ടോഗ്രാഫിനു ശേഷം ജിഷിനെ തേടിയെത്തിയതിൽ അധികവും നെഗറ്റീവ് ഷെയ്ഡ് ഉള്ള റോളുകൾ ആയിരുന്നു. അമല, ജീവിതനൗക, പ്രയാണം, പൂക്കാലം വരവായി, തുടങ്ങിയ സീരിയലുകളിലെല്ലാം പ്രതിനായക കഥാപാത്രത്തെയാണ് ജിഷിൻ അവതരിപ്പിച്ചത്. അങ്ങനെ മലയാളം ടെലിവിഷനിലെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വില്ലൻമാരിലൊരാളായി ജിഷിൻ മാറി.

സ്ക്രീനിൽ വില്ലനാണെങ്കിലും ഓഫ് സ്ക്രീനിൽ തമാശ പറയുകയും മറ്റുവള്ളരെ ചിരിപ്പിക്കുകയും ചെയ്യുന്ന ആൾ എന്ന ഇമേജും ജിഷിനുണ്ട്. സ്റ്റാർ മാജിക് പോലുള്ള ഷോകളിലൂടെ ജിഷിൻ അത് തെളിയിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

വ്യക്തിജീവിതം

വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകൾ നടത്തിയും ജിഷിൻ വാർത്താ കോളങ്ങളിൽ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. വരദയുമായുള്ള വിവാഹ മോചന ശേഷം താൻ ലഹരി ഉപയോഗിക്കുമായിരുന്നുവെന്ന് ജിഷിൻ മോഹൻ തുറന്നുപറഞ്ഞിരുന്നു. അമേയയുടെ സാന്നിദ്ധ്യമാണ് അതില്‍ നിന്ന് രക്ഷ നേടാൻ സഹായകരമായത് എന്നും ജിഷിൻ മോഹൻ പറഞ്ഞിരുന്നു. തങ്ങൾ എൻഗേജ്ഡ് ആയ വിവരം ജിഷിനും അമേയയും കഴിഞ്ഞ പ്രണയദിനത്തിൽ പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming