ഇന്ന് ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിവസം

ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ അവസാനിക്കാന്‍ ഇനി രണ്ട് വാരങ്ങള്‍ മാത്രം. ​ഗ്രാന്‍ഡ് ഫിനാലെയിലേക്ക് നീങ്ങുമ്പോള്‍ മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒട്ടേറെ സര്‍പ്രൈസുകളുമായാണ് ഓരോ ദിവസവും ബി​ഗ് ബോസ് ഷോ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇത് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളുടെ വാരമാണ്. വീക്കിലി ടാസ്കിന് പകരം നടത്തപ്പെടുന്ന ഒരു കൂട്ടം ടാസ്കുകളില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന ഒരു മത്സരാര്‍ഥിക്ക് അടുത്ത വാരത്തിലെ നോമിനേഷനില്‍ പെടാതെ നേരിട്ട് ഫിനാലെ വാരത്തിലേക്ക് എത്താനാവും. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ​ടാസ്കുകളുമാണ് ഇത്.

അതേസമയം മുന്‍ സീസണുകളില്‍ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചവര്‍ ആരൊക്കെയെന്ന് നോക്കാം. സീസണ്‍ 4 ല്‍ 10 ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി നടന്നത്. ഇതില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടി നേരിട്ട് ഫിനാലെ വാരത്തിലേക്ക് കടന്നത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. 10 ​ടാസ്കുകളില്‍ നിന്ന് 56 പോയിന്‍റുകളാണ് ദില്‍ഷ നേടിയത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് 95-ാം ദിവസം മത്സരാര്‍ഥികളെ വീടുകളിലേക്ക് തിരിച്ചയച്ച സീസണ്‍ 3 ല്‍ അഞ്ച് ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി നടന്നത്. മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 21 പോയിന്‍റുകളുമായി ഡിംപല്‍ ഭാല്‍ ആയിരുന്നു മുന്നില്‍. കൊവിഡ് സാഹചര്യത്താല്‍ പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കേണ്ടിവന്ന രണ്ടാം സീസണില്‍ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. 

അതേസമയം അഞ്ചാം സീസണിലെ ടിക്കറ്റ് ടു ഫിനാലെ വിജയി ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 12-ാം വാരത്തില്‍ പത്ത് മത്സരാര്‍ഥികളാണ് സീസണ്‍ 5 ല്‍ അവശേഷിക്കുന്നത്.

ALSO READ : 'ദൃശ്യം 3' വരുന്നു? മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് എന്ന് റിപ്പോര്‍ട്ട്

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു| Part 1| Firoz Khan