തമിഴിൽ വിജയ് സേതുപതി അവതാരകനാവുന്ന ഷോയിലേക്ക് വീഡിയോ അയച്ചാണ് അപേക്ഷിക്കേണ്ടത്.

ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷകളിലായി ഓരോ സീസണിലും കാണികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഷോ. മലയാളത്തിലും തമിഴിലും പുതിയ സീസണുകളുടെ ആദ്യ അറിയിപ്പുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ 11 ദിവസം മുന്‍പ് ഒരു പ്രധാന അറിയിപ്പ് എത്തിയിരുന്നെങ്കില്‍ തമിഴ് ബിഗ് ബോസിന്‍റെ അടുത്ത സീസണ്‍ സംബന്ധിച്ചുള്ള അറിയിപ്പ് എത്തിയത് ഇന്നലെയാണ്. രണ്ട് പ്രഖ്യാപനങ്ങളും തമ്മില്‍ സമാനതയുണ്ട് എന്നതും ശ്രദ്ധേയമാണ്. സെലിബ്രിറ്റികള്‍ അല്ലാതെ ബിഗ് ബോസില്‍ സാധാരണക്കാര്‍ക്ക് പങ്കെടുക്കാനുള്ള കോമണര്‍ ക്വോട്ട സംബന്ധിച്ചുള്ള അറിയിപ്പാണ് രണ്ടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ് ബിഗ് ബോസ് പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ വിജയ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയില്‍ കോമണര്‍ ആയി ബിഗ് ബോസിന്‍റെ അടുത്ത സീസണില്‍ പങ്കെടുക്കാന്‍ സാധാരണക്കാരെ ക്ഷണിക്കുന്ന അവതാരകനായ വിജയ് സേതുപതിയെ കാണാം. ഇതിന് എങ്ങനെ അപേക്ഷിക്കണം എന്നും പ്രൊമോയില്‍ പറയുന്നുണ്ട്. തങ്ങളെ പരിചയപ്പെടുത്തുന്ന, എന്തുകൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് മത്സരാര്‍ഥികള്‍ അയയ്ക്കേണ്ടത്. തമിഴ് ബിഗ് ബോസിന്‍റെ പത്താമത്തെ സീസണാണ് വരാനിരിക്കുന്നത്.

അതേസമയം മലയാളത്തില്‍ വരാനിരിക്കുന്ന സീസണ്‍ 8 ല്‍ വെറുതെ കോമണര്‍മാരെ ക്ഷണിക്കുക മാത്രമല്ല. അവര്‍ക്കു വേണ്ടി ഒരു പ്രത്യേക ഷോ തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. നേരത്തെ പുറത്തെത്തിയ പ്രൊമോയില്‍ അടുത്ത സീസണ്‍ മലയാളം ബിഗ് ബോസില്‍ കോമണര്‍മാരുടെ എണ്ണം കൂടുതല്‍ ആയിരിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. ഇവരെ തെരഞ്ഞെടുക്കാനായി ഒരു മത്സരവേദി തന്നെ ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ബിഗ് ബോസ് അഗ്നിപരീക്ഷ എന്നാണ് ഷോയുടെ പേര്. അഗ്നിപരീക്ഷ വിജയിച്ചു വരുന്നവര്‍ക്ക്, ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ബി​ഗ് ബോസില്‍ പങ്കെടുക്കണമെന്ന ആ​ഗ്രഹവുമായി നടക്കുന്നവര്‍ക്ക് പറ്റിയ പ്ലാറ്റ്ഫോം ആണ് ഒരുങ്ങുന്നത്. എന്നാല്‍ ഇതിനായി അപേക്ഷിക്കുന്നത് എങ്ങനെ എന്ന് തുടങ്ങിയ കാര്യങ്ങള്‍ സംഘാടകര്‍ ഇതുവരെ അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. സീസണ്‍ 8 നെ കൂടുതല്‍ കൗതുകകരമാക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Bigg Boss - The Common Man 😎 இதுவரைக்கும் பாத்தீங்க.. இனிமே விளையாடுங்க..😎🔥 | Vijay Sethupathi