കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തും മുന്‍പേ ബിഗ് ബോസ് സീസണ്‍ 3 അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

തൊണ്ണൂറ്റി അഞ്ച് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വിജയിയായി നടൻ മണിക്കുട്ടനെ തെരഞ്ഞെടുത്തിരിക്കുകയാണ്. സീസണിന്റെ തുടക്കം മുതൽ പ്രേക്ഷകർ ഒന്നടങ്കം വിജയി ആകുമെന്ന് പറഞ്ഞ മത്സരാർത്ഥിയും ജനപ്രീതി നേടിയ മത്സരാർത്ഥിയും മണിക്കുട്ടൻ തന്നെയാണ്. പ്രേക്ഷകർക്ക് കാഴ്ചയുടെ നിറ വിരുന്നൊരുക്കിയ ഫിനാലെയിൽ സായ് വിഷ്ണുവും ഡിംപലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രേക്ഷകരുടെ വേട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തവണത്തെ വിജയികളെ പ്രഖ്യാപിച്ചത്. മികച്ച പോരാട്ടമായിരുന്നു മണിക്കുട്ടനും സായ് വിഷ്ണുവും കാഴ്ച വച്ചത്. എങ്കിൽ തന്നെയും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിൽ മൂന്ന് കോടിയിലേറെ വോട്ടുകളുടെ അന്തരമുണ്ട്. 

92,001,384 വോട്ടുകളാണ് ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വിജയ കിരീടം നേടിയ മണിക്കുട്ടൻ സ്വന്തമാക്കിയത്. വോട്ടിങ്ങിന്റെ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്താൻ മണിക്കുട്ടന് സാധിച്ചിരുന്നു. സീസണിൽ ഏറെ ജനശ്രദ്ധ ലഭിച്ച താരം എന്ന ഖ്യാതി ഊട്ടിയുറപ്പിക്കുന്നത് കൂടിയാണ് താരത്തിന് ലഭിച്ച വോട്ടുകളുടെ എണ്ണം. 

60,104,926 വോട്ടുകളാണ് രണ്ടാം സ്ഥാനത്തിന് അർഹനായ സായ് വിഷ്ണു സ്വന്തമാക്കിയത്. തന്റേതായ നിലപാടുകളിൽ എപ്പോഴും ഉറച്ച് നിൽക്കാൻ ശ്രദ്ധചൊലുത്തിയ സായിക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ ലഭിച്ചതെന്ന് വ്യക്തമാക്കുന്നതാണ് വോട്ടുകൾ. 

അതേസമയം, ബി​ഗ്ബോസിന്റെ പ്രേക്ഷക പിന്തുണ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്തവണത്തെ വോട്ടിം​ഗ് വർധനവ്. 1,140,220,770 വോട്ടുകളാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍.

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തും മുന്‍പേ ബിഗ് ബോസ് സീസണ്‍ 3 അവസാനിപ്പിക്കേണ്ടിവന്നിരുന്നു. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി വോട്ടിം​ഗ് അനുവദിക്കുക ആയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona