മുംബൈ: പതിനാറ് കൊല്ലത്തിന് ശേഷം സല്‍മാന്‍ ഖാനോട് ഒരു ചോദ്യവുമായി നടന്‍ വിവേക് ഒബ്റോയി. ഒരു അഭിമുഖത്തിലാണ് മുന്‍പ് ഐശ്വര്യ റായിയുമായി പ്രേമത്തിലായിരുന്ന കാലത്തെ വിവാദങ്ങളെ അടിസ്ഥാനമാക്കി വിവേകിന്‍റെ സല്ലുവിനോടുള്ള ചോദ്യം. സത്യത്തില്‍ സല്‍മാന്‍ ക്ഷമയില്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് താരം ചോദിക്കുന്നത്. തന്‍റെ പുതിയ ചിത്രം പിഎം നരേന്ദ്രമോദിയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവേകിന്‍റെ പ്രതികരണം.

സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായി  പ്രണയം ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. സല്‍മാനുമായി തെറ്റിപ്പിരിഞ്ഞ ഐശ്വര്യ റായി വിവേകുമായി പ്രണയത്തിലായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2003ലാണ് സല്‍മാന്‍ വിവേക് പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നത്. ഐശ്വര്യയുടേയും വിവേകിന്റേയും സിനിമയുടെ ലൊക്കേഷനില്‍ സല്‍മാന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതൊക്കെ അന്നു വലിയ വാര്‍ത്തയായിരുന്നു.  തുടര്‍ന്ന് ഐശ്വര്യയെ ഒരു സിനിമയിന്‍ നിന്നും മാറ്റിയിരുന്നു. 

പ്രശ്‌നങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം വിവേകുമായി പിരിഞ്ഞ ഐശ്വര്യ അഭിഷേക് ബച്ചനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവേക് ഒരു സാമൂഹിക പ്രവര്‍ത്തക പ്രിയങ്ക ആല്‍വയെ ജീവിത സഖിയാക്കി. സിനിമയില്‍ തനിക്ക്് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നു 2017ല്‍ വിവേക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.