ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേളയുടെ 25-ാം എഡിഷനാണ് ഇക്കുറി നടക്കേണ്ടിയിരുന്നത്. എടുത്ത വര്‍ഷം ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയ്യതികളിലേക്കാണ് നിലവില്‍ തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്നും എന്നാല്‍ അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്നും സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിലൂടെ അറിയിച്ചു. ആ സമയത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും മേളയുടെ നടത്തിപ്പ്.

തീയ്യതി പ്രഖ്യാപിച്ചതിനൊപ്പം മേളയിലേക്ക് ചലച്ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് അകം അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അക്കാദമിയില്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി ജനുവരി 20 ആണ്.

കൊവിഡ് പശ്ചാത്തലത്തെ തുടര്‍ന്ന് കാന്‍സ് ഉള്‍പ്പെടെ ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളില്‍ പലതും ഇത്തവണ റദ്ദാക്കിയിരുന്നു. ചില ചലച്ചിത്രമേളകള്‍ ഓണ്‍ലൈനിലൂടെ സിനിമാപ്രദര്‍ശനവും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനകേന്ദ്രങ്ങളുടെയും സിനിമകളുടെയും എണ്ണം കുറച്ചും ഒപ്പം ഓണ്‍ലൈന്‍ സ്ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയുമാണ് ഇത്തവണത്തെ ടൊറന്‍റോ ചലച്ചിത്രമേള നടക്കുക.