2009ലെ 'ത്രീ ഇഡിയറ്റ്സ്' എന്ന സിനിമയിൽ ആമീർ ഖാൻ അവതരിപ്പിച്ച റാഞ്ചോ എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്കിന്‍റെ ജീവിതം. ഈ സിനിമ അദ്ദേഹത്തിന് ദേശീയ തലത്തിൽ പ്രശസ്തി നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ന് ദേശീയ തലത്തിൽ മാത്രമല്ല ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന പേരാണ് സോനം വാങ്ചുക്കിന്റേത്. ലഡാക്ക് സംഘർഷത്തിന് പിന്നാലെയായിരുന്നു ഇദ്ദേഹം വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയത്. വെള്ളിയാഴ്ച ദേശസുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്തൊരു ബോളിവുഡ് സിനിമയും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ആമീർ ഖാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ത്രീ ഈഡിയറ്റ്സ്' ആണ് ആ ചിത്രം.

2009ൽ രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയാണ് 'ത്രീ ഈഡിയറ്റ്സ്'. റിലീസ് ചെയ്ത വേളയിൽ വൻ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിൽ ആമീർ ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതം സോനം വാങ്ചുക്കിന്റേത് ആയിരുന്നു. എഞ്ചിനീയറും, വിദ്യാഭ്യാസ വിദഗ്ദനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹത്തെ ആമീർ ഖാൻ റാഞ്ചോ(Phunsukh Wangdu) എന്ന കഥാപാത്രത്തിലൂടെയാണ് അനശ്വരമാക്കിയത്. ലഡാക്ക് ജനതയ്ക്കിടയിൽ പ്രശസ്തനായ സോനത്തിനെ ദേശീയ തലത്തിൽ സുപരിചിതനാക്കിയതിൽ ഒരുകാരണവും ത്രീ ഈഡിയറ്റ്സ് സിനിമയാണെന്ന കാര്യത്തിലും തർക്കമില്ല.
ഹാസ്യത്തിന്റെ അകമ്പടിയോടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ത്രീ ഈഡിയറ്റ്സ്'. കോമഡി ഡ്രാമയാണെങ്കിലും വലിയൊരു സന്ദേശവും ചിത്രം സമൂഹത്തിന് നൽകി. മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും അവരുടെ രസകരമായ സൗഹൃദവും പഠനവുമൊക്കെയായി മുന്നോട്ട് പോയ ചിത്രം വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനാവശ്യമായ ചില രീതികളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയും വിമർശിക്കുകയും ചെയ്തു. ആമീറിന്റെ ആരും കൊതിക്കുന്ന റാഞ്ചോ എന്ന കഥാപാത്രം സോനം വാങ്ചുക്കിന്റേത് ആണെന്ന് അന്ന് തന്നെ വാർത്തകൾ വന്നിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇതോടെ റാഞ്ചോ എന്ന കഥാപാത്രത്തിനൊപ്പം സോനം വാങ്ചുക്കിന്റേയും ആരാധകരായി പലരും.

ഒരിക്കലൊരു അഭിമുഖത്തിൽ ത്രീ ഈഡിയറ്റ്സിനെ പറ്റി സോനം വാങ്ചുക്ക് സംസാരിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താൻ പൂർണമായും റാഞ്ചോ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, താൻ സിനിമ കണ്ടെന്നും മികച്ച സന്ദേശമുള്ളൊരു നല്ല സിനിമയാണതെന്നും പറഞ്ഞിരുന്നു.
ത്രീ ഇഡിയറ്റ്സിൽ ആമിർ ഖാനോടൊപ്പം ആർ. മാധവൻ, ശർമൻ ജോഷി, കരീന കപൂർ തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു. പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷനും നേടി. മൂന്ന് ദേശീയ അവാർഡുകളും ത്രീ ഇഡിയറ്റ്സിനെ തേടി എത്തിയിരുന്നു. 2012ൽ പുറത്തിറങ്ങിയ നൻപൻ എന്ന എന്ന ചലച്ചിത്രം 3 ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പാണ്. വിജയ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
സോനം വാങ്ചുക്കിന്‍റെ അറസ്റ്റ്
നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ച ആയിരുന്നു സമര നേതാവ് സോനം വാങ്ചുക്കിയെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റില്‍, കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും, നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു. സ്റ്റുഡന്‍റ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് എന്ന സ്വന്തം എൻ ജി ഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന്‍ സന്ദര്‍ശിച്ചു, എന്നിവയാണ് സോനം വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.



