രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത്. രാജേഷ് ഇപ്പോള്‍ വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ ആണെന്നും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇവിടെന്ന് വരുന്നതെന്നും സുഹൃത്ത് പ്രതാപ് ജയലക്ഷ്മി.

രിപാടിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിൽസയിലുള്ള നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്ന് പ്രതാപ് പറയുന്നു.

''പ്രിയപ്പെട്ട രാജേഷിനെ വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് ഒരാഴ്ചയായി.. ഓർക്കാൻ ഇഷ്ടമില്ലാത്ത ആ അപകടം നടന്നിട്ട് 36 ദിവസവും. വെല്ലൂർ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ഇനിയുമെറെ മുന്നോട്ട് പോകാനുണ്ട്.. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം എന്നും ഡോക്ടർ പറയുന്നുണ്ട്. ന്യൂറോ, കാർഡിയോ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ഒക്കുപെഷണൽ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു combined medical team ആണ് കാര്യങ്ങൾ ഏകോപിക്കുന്നത്. ഇൻഫെക്ഷൻ സാധ്യതയുള്ളത് കൊണ്ട് സന്ദർശകരെ അനുവദിക്കുന്നില്ല'', എന്ന് പ്രതാപ് പറയുന്നു.

''വെല്ലൂരിൽ എത്തിയതിനു ശേഷമുള്ള കാര്യങ്ങളിൽ ഞങ്ങളുടെ കൂടെ നിൽക്കുന്ന ഡോ. രാജി തോമസിനോടും, ഡോഭ തോമസ് മാത്യുവിനോടും (അദ്ദേഹത്തിന്റെ ഡിപ്പാർട്മെന്റ് അല്ലെങ്കിൽ പോലും) പ്രത്യേകം നന്ദി. രാജേഷിന്റെ ഭാര്യ സിന്ധുവും, അനുജൻ രൂപേഷും ഇപ്പോഴും ആശുപത്രിയിൽ ഒപ്പമുണ്ട്. കൂടെ വെല്ലൂർ ആശുപത്രിയിലെ സ്നേഹവും കരുതലുമുള്ള നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും. രാജേഷിനെ സ്നേഹിക്കുന്ന പലരും അയച്ചു തന്നിരുന്ന ശബ്ദ സന്ദേശങ്ങൾ കേൾപ്പിക്കുന്ന കാര്യം ഞാൻ മുൻപ് എഴുതിയിരുന്നു. അതൊക്കെ ഇപ്പോഴും തുടരുന്നുണ്ട്.. ഇഷ്ടമുള്ള കാര്യങ്ങൾ തുടർച്ചയായി കേൾപ്പിക്കുവാൻ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്രതേകിച്ചു എസ്ആർകെ സോങ്ങ്സ്, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും, പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ്‌ നോട്ടുകൾ. അങ്ങനെ എല്ലാം..ഗോകുലം കൃഷ്ണ മൂർത്തിയ്ക്കും പ്രത്യേകം നന്ദി. അവൻ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കാണിക്കുകയും, കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്'', എന്നും പ്രതാപ് പറയുന്നു.

''ചെറിയ രീതിയിലുള്ള റെസ്പോൺസ് പോലും രാജേഷിന്റെ ചികിത്സാരീതികളിൽ വളരെ പ്രധാനമാണ് എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഞങ്ങൾക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്.. ഞങ്ങൾ എല്ലാം അറിയിക്കുന്നുമുണ്ട്. കൂടുതൽ ശുഭ വാർത്തകൾക്കായി കാത്തിരിക്കുക.. രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനയും സ്നേഹവും എപ്പോഴും ഉള്ളതുപോലെ ഇനിയും തുടരുക. നന്ദി'', എന്നും പ്രതാപ് ജയലക്ഷ്മി കൂട്ടിച്ചേർത്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്