ഏത് താരവും ആഗ്രഹിക്കുന്ന നേട്ടം

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് സമീപകാലത്തെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2023. ബോളിവുഡ് പൂര്‍വ്വാധികം കരുത്തോടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ വര്‍ഷം ഇതരഭാഷാ ചലച്ചിത്ര വ്യവസായങ്ങളും മികച്ച പ്രകടനം നടത്തി. എന്നാല്‍ അതത് ഭാഷകളിലെ സൂപ്പര്‍താരങ്ങളെ എടുത്താല്‍ ഒന്നാം സ്ഥാനത്ത് ആരെന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ആണ് അത്.

ബോളിവുഡിന്‍റെ കാര്യം പറഞ്ഞതുപോലെ ഷാരൂഖ് ഖാന്‍റെയും തിരിച്ചുവരവ് ആയിരുന്നു 2023 ല്‍. കൊവിഡ് കാലത്തെ തിരിച്ചടിയ്ക്ക് ശേഷം ബോളിവുഡ് അതിന്‍റെ പ്രതാപത്തിലേക്ക് എത്തിയതിന് തുടക്കമിട്ടത് ഷാരൂഖ് ഖാന്‍ ആയിരുന്നെന്നതും കൗതുകം. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ കരിയറില്‍ ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍റേതായി മൂന്ന് ചിത്രങ്ങളാണ് 2023 ല്‍ പ്രദര്‍ശനത്തിന് എത്തിയത്. ജനുവരിയില്‍ പഠാനും സെപ്റ്റംബറില്‍ ജവാനും ഡിസംബറില്‍ ഡങ്കിയും. ഇതില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് പഠാന്‍ 543 കോടി രൂപയും ജവാന്‍ 640 കോടിയും ഇപ്പോഴും തിയറ്ററുകളിലുള്ള ഡങ്കി 206 കോടിയുമാണ് നേടിയത്!

ഏത് താരവും ആഗ്രഹിക്കുന്ന നേട്ടം. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം വിറ്റ ടിക്കറ്റുകളുടെ എണ്ണം സംബന്ധിച്ച കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. കൊയ്മൊയ്‍യുടെ കണക്ക് പ്രകാരം 8.39 കോടി ടിക്കറ്റുകളാണ് ഷാരൂഖ് ഖാന്‍റെ മൂന്ന് ചിത്രങ്ങളും കൂടി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്. ഇതില്‍ പഠാന്‍ 3.49 കോടി ടിക്കറ്റുകളും ജവാന്‍ 3.90 കോടി ടിക്കറ്റുകളും ഡങ്കി ഇതുവരെ ഒരു കോടിയിലധികം ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ഷാരൂഖ് ഖാന്‍ ചിത്രങ്ങളും ചേര്‍ന്ന് നേടിയ കളക്ഷന്‍ 2611 കോടിയാണ്!

ALSO READ : ഈ വര്‍ഷത്തെ ആദ്യ മലയാളം ഹിറ്റ് ആവുമോ 'ആട്ടം'? റിലീസ്‍ദിന പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം