കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള മെയ് 23 മുതൽ 25 വരെയാണ് നടക്കുന്നത്.
കൊട്ടാരക്കരയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന വനിതാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൊട്ടാരക്കരയുടെ അഭിനയപാരമ്പര്യം വിളിച്ചോതുന്ന ഫെയ്സ്ബുക്ക് റീൽ പങ്കുവെച്ച് ധനകാര്യവകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎയുമായ കെ എൻ ബാലഗോപാൽ. കൊട്ടാരക്കര ശ്രീധരൻ നായർ മുതൽ പുതുതലമുറയിലെ ധന്യ അനന്യ വരെയുള്ള ചലച്ചിത്ര പ്രവർത്തകരുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ റീലാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കൊട്ടാരക്കര ശ്രീധരൻ നായർ, നിർമ്മാതാവും തിരക്കഥാകൃത്തുമായ കെ പി കൊട്ടാരക്കര, ബോബി കൊട്ടാരക്കര, മുരളി എന്നീ കലാകാരന്മാരുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്.
സ്ത്രീകളുടെ സർഗാത്മക പങ്കാളിത്തം ഇന്ന് മലയാള സിനിമയിൽ വർധിക്കുകയാണെന്ന് ധനമന്ത്രി ഫെയ്സ്ബുക്ക് വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പുതിയ കാലത്തെ ഏറ്റവും മികച്ച സിനിമകളിൽ പലതും വനിത സംവിധായാകരുടേതാണ്. മലയാളത്തിലും മികച്ച വനിതാ സിനിമപ്രവർത്തകർ ഇന്നുണ്ട്. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കര മണ്ഡലത്തിലെ വികസനപദ്ധതികൾക്കായി കെഎൻ ബാലഗോപാൽ ആവിഷ്കരിച്ച 'സമഗ്ര കൊട്ടാരക്കര'യുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കര മിനർവ തിയേറ്ററിൽ വെച്ചാണ് നടക്കുന്നത്.


