ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം ദര്‍ബാര്‍ തിയേറ്ററുകളിലെത്തി. തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രായം ഇത്രയായിട്ടും രജനികാന്തിന്റെ പ്രസരിപ്പ് ആണ് പ്രേക്ഷകര്‍ എടുത്തുപറയുന്നത്.

ലോകമെമ്പാടും 7000 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ 100 സ്‍ക്രീനുകളിലും. രാവിലെ മുതല്‍ ഫാൻസ് ഷോ തുടങ്ങിയിരുന്നു.  മികച്ച ഒന്ന് കുഴപ്പമില്ലാത്ത ക്ലൈമാക്സ്, തലൈവറുടെ സ്‍ക്രീൻ പ്രസൻസും അനിരുദ്ധിന്റെ പശ്ചാത്തലസംഗീതവും, എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനവും എന്നാണ് ചിത്രത്തെ കുറിച്ച് ശ്രീരാം സുരേഷ് എഴുതിയിരിക്കുന്നത്. പക്ക കൊമേഴ്‍സ്യല്‍ പാക്കേജ് ആണ് സിനിമയെന്നും മികച്ച തിരക്കഥയാണ് സിനിമയുടെ അടിത്തറയെനനും മറ്റൊരു പ്രേക്ഷകൻ എഴുതിയിരിക്കുന്നു. 90കളില്‍ ജനിക്കുകയും ഒരിക്കല്‍ഒ രജനികാന്ത് ആരാധകനായിരിക്കുകയും ചെയ്‍തയാളാണെങ്കില്‍ നിര്‍ബന്ധമായും ദര്‍ബാര്‍ കാണണമെന്നാണ് മറ്റൊരാള്‍ പറയുന്നത്. തലൈവരുടെ അഭിനയം അടക്കം എല്ലാം മികച്ചത് എന്നും പറയുന്നു. ആരാധകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്‍ടപ്പെടുന്ന ചിത്രമെന്നും അഭിപ്രായം വരുന്നു. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ചിത്രത്തിനായി പാടിയ ഇൻട്രോ സോംഗ് ചുമ്മാ കിഴി വൻ ഹിറ്റായിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രാഹകൻ. നയൻതാരയാണ് നായിക.