തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെ എത്തിച്ച ആട് 3 ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്

തിയറ്ററുകള്‍ ഏറെക്കുറെ ഒഴിഞ്ഞുകിടന്ന മാസങ്ങളായിരുന്നു കേരളത്തെ സംബന്ധിച്ച് ഈ വര്‍ഷം ഇതുവരെ. എന്നാല്‍ ഒരേ ദിവസം എത്തിയ രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ കൂട്ടമായി എത്തിച്ചിരിക്കുകയാണ്. ബോളിവുഡ് ചിത്രം ധുരന്ധര്‍ രണ്ടാം ഭാഗവും മലയാള ചിത്രം ആട് മൂന്നാം ഭാഗവുമാണ് ആ ചിത്രങ്ങള്‍. മികച്ച പ്രീ റിലീസ് ഹൈപ്പോടെ ഈ വര്‍ഷം ഇതിന് മുന്‍പെത്തിയ ചില മലയാള ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാല്‍ ആട് 3 അത് തിരുത്തിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കാതിരിക്കാനുള്ള തീരുമാനം നിര്‍മ്മാതാക്കളെ തുണച്ചു എന്നുവേണം പറയാന്‍. ചിത്രം മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസില്‍ തുടരുമ്പോള്‍ ചിത്രത്തിനെ ബജറ്റിനെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ വിജയ് ബാബു.

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ബാബു പ്രതികരിച്ചത്. ചിത്രത്തിന്‍റെ ബജറ്റ് എത്രയെന്ന ചോദ്യത്തിന് വിജയ് ബാബുവിന്‍റെ പ്രതികരണം ഇങ്ങനെ- “വളരെ നല്ല ചോദ്യമാണ്. സാധാരണ നോ കമന്‍റ്സ് എന്നാണ് ഞാന്‍ ഉത്തരമായിട്ട് പറയാറുള്ളത്. ഇപ്പോള്‍ വന്നിരിക്കുന്ന ഈ ഗ്രോസ് കളക്ഷന്‍റെ 70- 75 ശതമാനത്തോളം അതിന്‍റെ ബജറ്റ് ഉണ്ടായിരുന്നു. ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിക്കോളൂ”, വിജയ് ബാബുവിന്റെ വാക്കുകള്‍. അതേസമയം നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് ചിത്രം ആദ്യ വാരാന്ത്യം (4 ദിവസം) കൊണ്ട് നേടിയിരിക്കുന്നത് 87 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്.

ചിത്രം രണ്ട് ദിവസം കൊണ്ട് 48 കോടിയും മൂന്ന് ദിവസം കൊണ്ട് 68 കോടിയും ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. ആദ്യ വാരാന്ത്യം പിന്നിടുമ്പോഴേക്ക് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ സ്ക്രീനുകളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. യു കെ 134, യുഎസ്എ 68, യുഎഇ 64, ഓസ്‌ട്രേലിയ 56, സൗദി അറേബ്യ 42, കാനഡ 30, ജർമ്മനി 26, ഖത്തര്‍ 16, ഒമാന്‍ 16, ബഹ്റൈന്‍ 12, നെതർലാൻഡ്സ് 8, ഫ്രാൻസ് 4, ഓസ്ട്രിയ 4, ചെക്ക് റിപ്പബ്ലിക്ക് 3, കുവൈറ്റ് 4, ബെൽജിയം 2, ലിത്വാനിയ 2, സിംഗപ്പൂര്‍ 2, ലാത്വിയ 1, എസ്റ്റോണിയ 1, സ്വിറ്റ്സർലാൻഡ് 1, ലക്സംബർഗ് 1, സ്ലോവാക്യ 1, സ്ലോവേനിയ 1, മോൾഡോവ 1, കസാഖ്സ്ഥാന്‍ 1, അർമേനിയ 1, ഉസ്‌ബെക്കിസ്ഥാന്‍ 2, അസർബൈജാന്‍ 1, ഇറ്റലി 5 എന്നിങ്ങനെയാണ് ചിത്രത്തിന് പുതിയ സ്ക്രീനുകൾ കൂട്ടിച്ചേർത്തിരിക്കുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News