പവൻ സദിനേനി സംവിധാനം ചെയ്യുന്ന 'ആകാശം ലോ ഒക താര'യാണ് ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം. ലക്കി ഭാസ്കറിന് ശേഷമെത്തുന്ന ഈ സിനിമയുടെ ഒടിടി അപ്‌ഡേറ്റ്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ദുൽഖർ സൽമാനെ നായകനാക്കി പവൻ സദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'ആകാശം ലോ ഒക താര'. ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ലക്കി ഭാസ്കറിന് ശേഷം തെലുങ്കിൽ ദുൽഖർ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഒടിടി അപ്‌ഡേറ്റ്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയാണ് ആകാശം ലോ ഒക താര സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

അതേസമയം മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' ആണ് ദുൽഖർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. കിങ്ങ് ഓഫ് കൊത്തയ്ക്ക് ശേഷമെത്തുന്ന ദുൽഖറിന്റെ മലയാള ചിത്രം കൂടിയാണിത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ഈ വര്ഷം ഓണം റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്