സാങ്കേതികപരമായ മികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രം

ഇത് റീ റിലീസുകളുടെ കാലമാണ്. രണ്ട് തരത്തിലുള്ള ചിത്രങ്ങള്‍ അത്തരത്തില്‍ വീണ്ടും തിയറ്ററുകളില്‍ എത്തുന്നുണ്ട്. ഇറങ്ങിയ കാലത്ത് വമ്പന്‍ ജനപ്രീതി നേടിയ ബാഷയും സ്ഫടികവും പോലെയുള്ള ചിത്രങ്ങള്‍, അല്ലെങ്കില്‍ റിലീസ് സമയത്ത് പരാജയപ്പെട്ട ബാബ പോലെയുള്ള ചിത്രങ്ങള്‍. പഴയ ചിത്രങ്ങള്‍ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത തലമുറയെ ലക്ഷ്യംവച്ചുള്ള റീ റിലീസുകളിലൂടെ അന്ന് പരാജയപ്പെട്ടവയും പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി എത്തുകയാണ്.

സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001 ല്‍ തിയറ്ററുകളിലെത്തിയ കമല്‍ ഹാസന്‍ ചിത്രം ആളവന്താനാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. 2001 ലെ ദീപാവലി റിലീസ് ആയി എത്തിയ ചിത്രം 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് തിങ്കളാഴ്ച (14) ആയിരുന്നു. 1000 തിയറ്ററുകളിലാണ് ചിത്രം വീണ്ടും എത്തുകയെന്ന് നിര്‍മ്മാതാവായ വി ക്രിയേഷന്‍സിന്‍റെ കലൈപ്പുലി എസ് താണു അറിയിച്ചിട്ടുണ്ട്. എന്നാല്‍ റീ റിലീസ് തീയതി അറിയിച്ചിട്ടില്ല. അതേസമയം കമല്‍ ഹാസന്‍ ആരാധകര്‍ ആവേശത്തിലാണ്.

Scroll to load tweet…

സാങ്കേതികപരമായ മികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട ആളവന്താന്‍ സംവിധാനം ചെയ്തത് ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണ ആയിരുന്നു. ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. 25 കോടിയായിരുന്നു ബജറ്റ്. വലിയ പ്രതീക്ഷയോടെയെത്തിയെങ്കിലും ബോക്സ് ഓഫീസ് ദുരന്തമായി മാറിയ ചിത്രത്തിന് സ്പെഷന്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

കമല്‍ ഹാസന്‍ നായകനായ രണ്ട് ചിത്രങ്ങള്‍ക്ക് അടുത്തിടെ ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു. പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങളായിരുന്നു അവ. എന്നാല്‍ തമിഴ്നാടിന് പുറത്ത് അവ എത്തിയില്ല.

ALSO READ : ഐമാക്സ് കളക്ഷനില്‍ ഒന്നാമന്‍ ആര്? വിജയ്‍യോ ഷാരൂഖ് ഖാനോ? ഒഫിഷ്യല്‍ വിവരം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക