സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001 ല്‍ പുറത്തെത്തിയ ചിത്രം

തമിഴ് സിനിമയില്‍ പുതുകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന പഴയ ചിത്രങ്ങള്‍ കമല്‍ ഹാസന്‍റേതാണ്. സിനിമാജീവിതത്തില്‍ എക്കാലവും അദ്ദേഹം അത്രയും അപ്ഡേറ്റഡ് ആയിരുന്നു എന്നതാണ് അതിന് കാരണം. ഇപ്പോള്‍ ചര്‍ച്ചയാവുന്ന പല കമല്‍ ഹാസന്‍ ചിത്രങ്ങളും റിലീസ് സമയത്ത് പരാജയം രുചിച്ചവയുമായിരുന്നു എന്നതാണ് കൗതുകം. മഞ്ഞുമ്മല്‍ ബോയ്സ് ഇറങ്ങിയതിന് ശേഷം വലിയ പ്രേക്ഷകശ്രദ്ധ നേടിയ ​ഗുണ അടക്കം. ഇപ്പോഴിതാ റിലീസ് സമയത്ത് പരാജയം നേരിട്ട മറ്റൊരു കമല്‍ ഹാസന്‍ ചിത്രം യുട്യൂബില്‍ കാണാന്‍ അവസരം ഉണ്ടാക്കിയിരിക്കുകയാണ് അതിന്‍റെ നിര്‍മ്മാതാവ്.

സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001 ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആളവന്താനാണ് ഇത്. കമല്‍ ഹാസന്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യം തിയറ്ററുകളില്‍ റീ റിലീസ് ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ യുട്യൂബില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കലൈപ്പുലി എസ് താണുവാണ് തന്‍റെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

2001 ല്‍ ആദ്യ റിലീസിന്‍റെ സമയത്ത് വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. അതേസമയം സ്പെഷല്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു. 25 കോടിയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ്. കമല്‍ ഹാസന്‍ മേജര്‍ വിജയ് കുമാര്‍, നന്ദ കുമാര്‍ എന്നിങ്ങനെ രണ്ട് വേഷങ്ങളിലെത്തിയ ചിത്രത്തില്‍ രവീണ ടണ്ഡന്‍, മനീഷ കൊയ്രാള, മാധുരി ജി എസ് മണി, മിലിന്ദ് ​ഗുണജി, ശരത്ത് ബാബു, ഫാത്തിമ ബാബു, അനു ഹസന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : 'ക്യാമറകള്‍ക്ക് മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം'; തെരഞ്ഞെടുപ്പ് കാലത്തെ മാനസികാവസ്ഥയെക്കുറിച്ച് രജനികാന്ത്

Aalavandhan Full Movie HD(Remastered) | Kamal Haasan | Suresh Krissna | Raveena | Shankar–Ehsaan–Loy