മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയായവര്‍ക്ക് സഹായവുമായി സിനിമാതാരങ്ങള്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരെല്ലാം രംഗത്തുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് പണവും പലവ്യഞ്ജനങ്ങളും പച്ചക്കറികളും എന്തിന് ക്വാറന്‍റൈന്‍ സൗകര്യത്തിനായി ഓഫീസ് മുറിയും ഹോട്ടലും വരെ ഒഴിഞ്ഞുകൊടുക്കുന്ന താരങ്ങളുടെ സംഭാവനകള്‍ ചെറുതല്ല. 

എന്നാല്‍ ഇതിനിടെ ഒരു അഭ്യൂഹം പരന്നിരുന്നു. ദില്ലിയിലെ കൊവിഡ് ഏറ്റവുധികം ബാധിച്ച പ്രദേശങ്ങളിലൊന്നിലേക്ക് ആമിര്‍ ഖാന്‍ ഒരു ട്രക്ക് നിറയെ ഗോതമ്പ് പാക്കറ്റുകള്‍ അയച്ചുവെന്നും ഓരോ ഒരു കിലോ ഗോതമ്പ് പാക്കിലും 15000 രൂപ വരെ ഉണ്ടായിരുന്നുവെന്നുമാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നും അത് മറ്റാരെങ്കിലുമാകാമെന്നുമാണ് ട്വീറ്റിലൂടെ ആമിര്‍ വെളിപ്പെടുത്തുന്നത്. 

അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് താരത്തിന്‍റെ പ്രതികരണം. '' ഗോതമ്പ് പാക്കറ്റില്‍ പണം  വച്ചയാള്‍ ഞാനല്ല. ഒന്നുകില്‍ അത് വ്യാജമായിരിക്കാം, അല്ലെങ്കില്‍ താന്‍ ആരാണെന്ന് ഒരിക്കലും വെളിപ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല! '' - അദ്ദേഹം ട്വീറ്റ് ചെയ്തു. 

കൊവിഡ് 19 പ്രതിരോധത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്‍സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിര്‍ സംഭാവന നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ലോക്ക് ഡൌണ്‍ കാലയളവില്‍ ആമിര്‍ സഹായം നല്‍കിയിട്ടുണ്ട്.