വെള്ളിയാഴ്ച തിയറ്ററുകളില്‍
ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി (IMDB) ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ആറാട്ട് (Aaraattu). പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്. പ്രമുഖ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളൊക്കെ ലിസ്റ്റില്‍ ആറാട്ടിനേക്കാള്‍ പിന്നിലാണ്. ലിസ്റ്റില്‍ മോഹന്‍ലാല്‍ (Mohanlal) ചിത്രം പിന്നിലാക്കിയ സിനിമകളുടെ കൂട്ടത്തില്‍ അലിയ ഭട്ടിന്‍റെ ഗംഗുഭായി കത്തിയവാടി, രാജമൗലിയുടെ രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ആര്‍ആര്‍ആര്‍ (RRR), അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഭീംല നായക്, അജിത്തിന്‍റെ വലിമൈ (Valimai), മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവയൊക്കെയുണ്ട്. ലിസ്റ്റിലെ സ്ഥാനങ്ങള്‍ ഇങ്ങനെ.
ഐഎംഡിബി മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ഇന്ത്യന്‍ സിനിമകള്‍
1. ആറാട്ട്
2. ഗംഗുഭായി കത്തിയവാടി
3. എ തേസ്ഡേ
4. ആര്‍ആര്‍ആര്‍
5. ബച്ചന്‍ പാണ്ഡേ
6. ഭീംല നായക്
7. വലിമൈ
8. ഭീഷ്മ പര്‍വ്വം
9. രാധേ ശ്യാം
10. ആജ മെക്സിക്കോ ചലിയേ
ഐഎംഡിബിയിലെ പേജ് വ്യൂസിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് ലിസ്റ്റ്. ലിസ്റ്റിലുള്ള ആകെ ചിത്രങ്ങളുടെ പേജ് വ്യൂസില്‍ 66.6 ശതമാനവും ആറാട്ടിന് ലഭിച്ച പേജ് വ്യൂസ് ആണ്. രണ്ടാം സ്ഥാനത്തുള്ള ഗംഗുഭായി കത്തിയവാടിക്ക് 11.2 ശതമാനവും മൂന്നാം സ്ഥാനത്തുള്ള എ തേസ്ഡേയ്ക്ക് 4.1 ശതമാനവും പേജ് വ്യൂസ് ആണ് ഉള്ളത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആറാട്ടും. ഫെബ്രുവരി 18 ആണ് പുതിയ റിലീസ് തീയതി.
