ഷിക് അബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'നാരദൻ' എന്ന ചിത്രത്തിൽ ടൊവീനോ നായകനാകുന്നു. ഉണ്ണി. ആര്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ അന്ന ബെന്നും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്‍'. 

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ നായികയുടെ റോളിലുമെത്തുകയാണ് ഈ ചിത്രത്തിൽ. അടുത്തവർഷം ഏപ്രിലിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍.

അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിന് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പെണ്ണും ചെറുക്കനും. ഈ ആന്തോളജി ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഉണ്ണി ആറാണ്. ബിഗ് ബി രണ്ടാം ഭാഗം ബിലാലിന്റെ തിരക്കഥയും ഉണ്ണി.ആര്‍ ആണ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിക്ക് ശേഷം ഉണ്ണി.ആര്‍ രചന നിര്‍വഹിക്കുന്ന സിനിമയുമാണ് നാരദന്‍.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'വാരിയംകുന്നന്‍' ആയിരുന്നു കൊവിഡ് കാലത്ത് ആഷിഖ് അബു പ്രഖ്യാപിച്ച സിനിമ. അതിന് മുമ്പാണ് 'നാരദനി'ലേക്ക് ആഷിഖ് കടക്കുന്നത്. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ഈ ചിത്രം.