'ഈ സിനിമ ഉണ്ടാവാനുള്ള ആദ്യ കാരണം വിനയ് ഫോര്‍ട്ട്'; 'ആട്ടം' സംവിധായകന്‍ ആനന്ദ് ഏകര്‍ഷി പറയുന്നു
'ആട്ട'ത്തിലെ വെല്ലുവിളിയെക്കുറിച്ച് സംവിധായകന്‍
ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാള സിനിമയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടം കൊണ്ടുവന്നിരിക്കുകയാണ് ആട്ടം എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. മികച്ച ചിത്രത്തിനൊപ്പം മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ പുരസ്കാരങ്ങളും ഈ ചിത്രത്തിനാണ്. നേരത്തെ തിയറ്റര്‍, ഒടിടി റിലീസുകളിലും വലിയ കൈയടി നേടിയ ചിത്രമാണ് ആട്ടം. ഇപ്പോഴിതാ അവാര്‍ഡ് നേട്ടത്തിന്‍റെ സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെക്കുകയാണ് ആനന്ദ് ഏകര്‍ഷി. ഈ ചിത്രം ഉണ്ടാവാനുള്ള ആദ്യ കാരണം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് ആണെന്ന് പറയുന്നു ആനന്ദ്.
പുരസ്കാരം സമര്‍പ്പിക്കുന്നത് ആര്‍ക്കൊക്കെയെന്ന ചോദ്യത്തിന് ആനന്ദ് ഏകര്‍ഷിയുടെ പ്രതികരണം ഇങ്ങനെ- പുരസ്കാരം പ്രധാനമായും സമര്‍പ്പിക്കുന്നത് വിനയ് ഫോര്‍ട്ടിനാണ്. ഈ സിനിമ ഉണ്ടാവാനുള്ള ആദ്യ കാരണം വിനയ് ആണ്. വിനയ് ആണ് എന്നോട് ചോദിക്കുന്നത് ഇവരെ വച്ച് (നാടക പ്രവര്‍ത്തകര്‍) ഒരു സിനിമ ചെയ്യാന്‍ നിനക്ക് പറ്റുമോ എന്നുള്ളത്. പിന്നെ ഈ സിനിമ നിര്‍മ്മിക്കാനുള്ള ധൈര്യവും വിവേകവും കാണിച്ച, ഈ സിനിമയ്ക്ക് വേണ്ട എല്ലാം തന്ന ഇതിന്റെ പ്രൊഡ്യൂസര്‍ ഉണ്ട്. പിന്നെ എന്‍റെ അമ്മ, അച്ഛന്‍. അവരുടെ പ്രോത്സാഹനം അസാധ്യമാണ്. ഫിലിം മേക്കിംഗിലെ എന്‍റെ മെന്‍റര്‍ പ്രഫുല്‍ ഗോപിനാഥ് ആണ്. പിന്നീട് ഇംതിയാസ് അലിയ്ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍, തമാശ എന്ന പടത്തില്‍, ആനന്ദ് പറയുന്നു
ആട്ടം ഒരു ചേംബര്‍ ഡ്രാമയാണ്. ആദ്യം മുതല്‍ അവസാനം വരെ 13 കഥാപാത്രങ്ങള്‍. 75 ശതമാനം സമയവും ഒരു വീടിന് അകത്ത്. അപ്പോള്‍ അത് വളരെ എന്‍ഗേജിംഗും ഉദ്വേഗജനകവും ആക്കുക, ഒപ്പം വളരെ ആഴത്തിലുള്ള സൈക്കോളജിക്കല്‍ വിഷയങ്ങള്‍ സംസാരിക്കുക എന്നതായിരുന്നു വെല്ലുവിളി. അത് വൃത്തിക്ക് ചെയ്യാന്‍ പറ്റി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. എന്‍റെ എപ്പോഴത്തെയും പ്രതീക്ഷ നമ്മള്‍ ഒരു നല്ല സിനിമ ചെയ്താല്‍ അത് കാലത്തെ അതിജീവിക്കുമെന്നാണ്. വലിയ ആക്റ്റര്‍, ചെറിയ ആക്റ്റര്‍ എന്നതൊന്നും അവിടെ വിഷയമാവില്ല, ചോദ്യങ്ങള്‍ക്ക് മറുപടിയായി ആനന്ദ് ഏകര്‍ഷി പറയുന്നു.
3 ദേശീയ പുരസ്കാരങ്ങള്‍ എന്ന് പറയുമ്പോള്‍ നമുക്ക് ചിന്തിക്കാവുന്നതിലും ആഗ്രഹിക്കാവുന്നതിലും അപ്പുറമാണ്. അതൊരു വലിയ ഭാഗ്യവും സന്തോഷവുമായി കാണുന്നു. 2022 ല്‍ സെന്‍സര്‍ ചെയ്ത പടമാണ്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. നിര്‍മ്മാതാവ് ഡോ. അജിത് ജോയിയുടെയും കൂടി നിര്‍ദേശപ്രകാരം സിനിമ ആദ്യം ഫെസ്റ്റിവലുകളിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് തിയറ്റര്‍ റിലീസ് ചെയ്യാമെന്നും, ആനന്ദ് ഏകര്‍ഷി പറഞ്ഞവസാനിപ്പിക്കുന്നു.
ALSO READ : അടുത്ത റീ റിലീസ് തമിഴില്‍ നിന്ന്; എത്തുക ആ ധനുഷ് ചിത്രം