കഴിഞ്ഞ മാസം 12നാണ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇരുവരും മുംബൈ വിലേ പാര്‍ലെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കൊവിഡ് 19ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചന് രോഗമുക്തി. ഇന്ന് ഉച്ചയ്ക്കു ശേഷം നടത്തിയ പുതിയ പരിശോധനയുടെ ഫലം നെഗറ്റീവ് ആയ വിവരം ട്വിറ്ററിലൂടെയാണ് അഭിഷേക് അറിയിച്ചത്. തനിക്കും കുടുംബത്തിനുമായി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ താരം ചികിത്സയിലായിരുന്ന മുംബൈയിലെ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്സുമാരോടുമുള്ള അഗാധമായ നന്ദിയും അറിയിച്ചു.

കഴിഞ്ഞ മാസം 12നാണ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇരുവരും മുംബൈ വിലേ പാര്‍ലെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അഭിഷേക് ബച്ചന്‍റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിയുടെ കൊവിഡ് പരിശോധനാഫലം ആദ്യം നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് നടത്തിയ പരിശോധന പോസിറ്റീവ് ആയി. ഒപ്പം മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. 

Scroll to load tweet…

ജൂലൈ 27ന് നടത്തിയ പരിശോധനയില്‍ ഐശ്വര്യയും മകളും രോഗമുക്തി നേടിയതായി കണ്ടെത്തിയിരുന്നു. ഈ മാസം രണ്ടിന് നടത്തിയ പരിശോധനയില്‍ അമിതാഭ് ബച്ചനും കൊവിഡ് മോചിതനായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹവും വീട്ടിലേക്ക് മാറിയിരുന്നു.