വിജയ് സേതുപതി നായകനായ 'ഏസ്' മൂന്ന് ദിവസം കൊണ്ട് 4.04 കോടി നേടി. ആക്ഷൻ ത്രില്ലറായ ഈ ചിത്രം മെയ് 23 ന് റിലീസ് ചെയ്തു, ശരാശരി അഭിപ്രായം നേടി.

ചെന്നൈ: വിജയ് സേതുപതി നായകനായിപുറത്തിറങ്ങിയ തമിഴ് ചിത്രമായ 'ഏസ്' നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മൂന്ന് ദിവസത്തെ തിയേറ്റര്‍ റണ്ണില്‍ ഇതുവരെ ഇന്ത്യയിലെ ബോക്സ് ഓഫീസിൽ നിന്ന് ഈ ചിത്രം 4.04 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരുടെ റിപ്പോർട്ടുകൾ പറയുന്നു.

മഹാരാജ, വിടുതലെ 2 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് 'ഏസ്'. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്ന നിലയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വിജയ് സേതുപതിയ്‌ക്കൊപ്പം ഒരു നല്ല നാൾ പാത്തു സോൾരെൻ എന്ന ചിത്രത്തിൽ പ്രവർത്തിച്ചിട്ടുള്ള ആറുമുഖകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മെയ് 23 വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യദിനത്തില്‍ 1 കോടിയാണ് കളക്ഷന്‍ നേടിയത്. രണ്ടാം ദിനത്തില്‍ ഈ കളക്ഷനില്‍ 62 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. മൂന്നാം ദിനത്തില്‍ ആദ്യ കണക്കുകള്‍ പ്രകാരം 1.42 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. 

റിവ്യൂകളില്‍ ശരാശരി അഭിപ്രായമാണ് ഏസിന് ലഭിച്ചത്. നടി രുക്മിണി വസന്തിന്റെ തമിഴ് അരങ്ങേറ്റമാണ് ഏസ്. ഒരു കവർച്ചയെ ചുറ്റിപ്പറ്റിയുള്ള ഒരു കോമഡി ത്രില്ലറാണ് ഈ ചിത്രം. നിഗൂഢമായ ഭൂതകാലമുള്ള ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. അദ്ദേഹം മലേഷ്യയിൽ ഒരു പുതിയ ജീവിതം ആരംഭിക്കാൻ എത്തുകയും എന്നാല്‍ അതില്‍ സംഭവിക്കുന്ന ട്വിസ്റ്റുകളുമാണ് കഥ. 

എയ്‌സിന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രം ജൂണിൽ ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. 

യോഗി ബാബു, ദിവ്യ പിള്ള, ബബ്ലൂ പൃഥ്വിരാജ്, ബിഎസ് അവിനാശ്, മുത്തു കുമാർ, രാജ് കുമാർ, ഡെനസ് കുമാർ, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 7സിഎസ് എന്റർടൈൻമെന്റാണ് ഏസ് നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ എയ്‌സിന് സംഗീതം നൽകിയിരിക്കുന്നു. കരൺ ബി റാവത്ത് ഛായാഗ്രാഹകനാണ്. ഫെന്നി ഒലിവറാണ് ചിത്രത്തിന്റെ എഡിറ്റർ.