ആരോഗ്യപ്രശ്‍നത്താലാണോ അബ്ബാസ് വിട്ടുനില്‍ക്കുന്നതെന്ന ആരാധകരോട് ചോദ്യത്തിന് മറുപടിയുമായി നടൻ. 

തമിഴിലും മലയാളത്തിലുമടക്കം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് അബ്ബാസ്. എന്നാല്‍ നിലവില്‍ കുറേ വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടൻ അബ്ബാസ്. നടൻ അബ്ബാസിന് എന്ത് സംഭവിച്ചുവെന്ന് തിരക്കി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ ഗലാട്ടയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം മനസ് തുറന്നിരിക്കുകയാണ്.

എന്താണ് സംഭവിച്ചതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്ന് നടൻ അബ്ബാസ് വ്യക്തമാക്കി. നിങ്ങള്‍ തിരിച്ചു വരുന്നുണ്ടോ, തിരിച്ചു വരണം എന്നൊക്കെ ആവശ്യപ്പെടാറുണ്ട്. നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‍നങ്ങളുണ്ടോയെന്നും ചിലര്‍ ചോദിക്കാറുണ്ട്. ഞാൻ മാനസികാരോഗ്യ ആശുപത്രിയിലാണോ അതോ മരണപ്പെട്ടോ എന്നൊക്കെയായിരുന്നു ചിലരുടെ അന്വേഷണം. എന്താണ് എനിക്ക് സംഭവിച്ചതെന്ന് അഭിമുഖത്തില്‍ പറയണം എന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ കുട്ടികളുമായി സമയം ചെലവഴിക്കാൻ തീരുമാനിച്ചപ്പോള്‍ ആ സര്‍ക്യൂട്ടില്‍ നിന്ന് ഒരുപാട് മാറിപ്പോയി. നടനായിരുന്നപ്പോള്‍ കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനായിരുന്നില്ല. കുട്ടികള്‍ക്കൊത്ത് സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതിനാല്‍ കുടുംബത്തിനൊപ്പം ന്യൂസിലാൻഡിലേക്ക് പോകുകയായിരുന്നു എന്നും അബ്ബാസ് വ്യക്തമാക്കുന്നു.

'കാതല്‍ ദേശം' ഹിറ്റായതിന് ശേഷം താൻ ഒറ്റ രാത്രികൊണ്ട് പ്രശസ്‍തനായതിന്റെ അനുഭവവും അബ്ബാസ് പങ്കുവെച്ചു. ഒരു ഹോട്ടലിലായിരുന്നു താൻ താമസിച്ചിരുന്നത്. പ്രീമിയര്‍ കണ്ട് തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ഹോട്ടലിന് മുന്നില്‍ ആരാധകര്‍ തടിച്ചു കൂടുകയായിരുന്നു. ഞാൻ സാധാരണക്കാരനായിരുന്നതിന്റെ പിറ്റേ ദിവസം തന്നെ പ്രശസ്‍തനായപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് മനസിലായില്ല എന്നും അബ്ബാസ് വ്യക്തമാക്കി.

അബ്ബാസ് പ്രധാന വേഷത്തിലെത്തിയ ആദ്യ ചിത്രം 'കാതല്‍ ദേശം' വൻ ഹിറ്റായിരുന്നു. 'പടയപ്പ', 'ഹേയ് റാം', 'കണ്ടുകൊണ്ടേയ്‍ൻ കണ്ടുകൊണ്ടേയൻ' തുടങ്ങി നിരവധി ഹിറ്റുകളില്‍ അബ്ബാസ് പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 'കണ്ണെഴുതി പൊട്ടും തൊട്ടി'ലാണ് മലയാളത്തില്‍ ആദ്യമായി വേഷമിട്ടത്. നടൻ അബ്ബാസ് വേഷമിട്ട അവസാന ചിത്രം 'പച്ചക്കള്ളം' ആണ്.

Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക