മൗനരാഗത്തെക്കുറിച്ച് നടി ഐശ്വര്യ റംസായ്.
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. സംസാരശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിതമാണ് മൗനരാഗം പറയുന്നത്. കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റംസായ്. തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് സ്‌നേഹിക്കുന്നത്.
താൻ സംസാരിക്കുന്നതു കണ്ട് ആളുകൾ പലപ്പോഴും ഞെട്ടാറുണ്ടെന്നും ശരിക്കും ഊമയാണെന്നാണ് പലതും കരുതിയിരുന്നതെന്നും ഐശ്വര്യ റംസായ് പറയുന്നു. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ''ഞാൻ മലയാളത്തിൽ ആദ്യം ചെയ്യുന്ന സീരിയൽ മൗനരാഗം ആണ്. അതിനു മുൻപ് തമിഴിൽ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു ഭാഷയിൽ അഭിനയിക്കാൻ വന്ന് ഇത്രത്തോളം സ്നേഹം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യം വന്നപ്പോൾ എനിക്ക് ഒട്ടും മലയാളം അറിയില്ലായിരുന്നു. സീരിയലിൽ ഡയലോഗും ഇല്ലായിരുന്നല്ലോ. പിന്നെ പതിയെപ്പതിയ ഞാൻ മലയാളം പഠിച്ചു. ഇപ്പോൾ സീരിയലിൽ സംസാരശേഷി കിട്ടിയതായിട്ടാണ് കാണിക്കുന്നത്. അപ്പോഴേക്കും ചെറുതായി സംസാരിക്കാനും പഠിച്ചു. എന്റെ മലയാളം കേട്ട് സെറ്റിൽ പലരും കളിയാക്കാറുണ്ട്'', ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞു.
''തിരുവനന്തപുരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. കേരളത്തിലെ പച്ചപ്പും ഇഷ്ടമാണ്. പിന്നെ എവിടെ നോക്കിയാലും അമ്പലങ്ങളാണല്ലോ. ഇടക്കിടയ്ക്ക് ഞാൻ അമ്പലത്തിലൊക്കെ പോകും. ഇഷ്ടമില്ലാത്തത് തേങ്ങ ചേർത്ത ഭക്ഷണമാണ്. അത് എന്റെ വീട്ടിലും അങ്ങനെ തന്നെയാണ്. തേങ്ങ ചേർത്ത ഭക്ഷണം കഴിക്കില്ല. എന്റെ ചേച്ചിമാരൊക്കെ കഴിക്കും. വീട്ടിൽ എനിക്കു വേണ്ടി തേങ്ങ ചേർക്കാത്ത ഭക്ഷണം ആക്കും. ഇവിടെ വന്ന് ഇടയ്ക്ക് കഴിക്കാറുണ്ടെങ്കിലും തേങ്ങ ചേർത്ത ഭക്ഷണം പൊതുവേ ഇഷ്ടമല്ല. എനിക്കു കിട്ടിയ ശിക്ഷയാണ് ഇതെന്ന് ചേച്ചിമാർ തമാശയായി പറയും'', ഐശ്വര്യ കൂട്ടിച്ചേർത്തു.
