രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ(allu arjun) പുഷ്പ(pushpa). സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകൾ ശ്രദ്ധനേടാറുമുണ്ട്. ടീസറിന് ലഭിച്ച റെക്കോർഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്. രാജമൗലി(rajamouli) ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി(bahubali) എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് ടീസർ തകര്‍ത്തത്. ചിത്രം ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തിയതി( release date) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് റിലീസിന് ഒരുങ്ങുന്നത്. 2021 ഡിസംബർ 17ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമക്കായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.